മോസ്കോ: യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ റഷ്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനിലെ എനർജി ഗ്രിഡ് ആക്രമിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതി മുടക്കിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഭീഷണി
90ലധികം മിസൈലുകളും 100ഓളം ഡ്രോണുകളും യുക്രൈന് നേരെ റഷ്യ തൊടുത്തുവിട്ടിരുന്നു എന്നാണ് കീവ് പറയുന്നത്. യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളുടെ മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് ഇതിന് റഷ്യ വിശേഷിപ്പിച്ചത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിന് അടുത്തിടെ വീണ്ടും കൂടുതൽ തീവ്രത കൈവന്നിരുന്നു.
ഇരു രാജ്യങ്ങളും കൂടുതൽ ആയുധങ്ങൾ സജ്ജീകരിക്കാനും ഉപയോഗിക്കാനും തുടങ്ങിയതിന് പിന്നാലെ യുദ്ധം വീണ്ടും തീവ്രമാവുന്നത്. റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലായ ഒറെഷ്നിക് യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ തകർക്കാനും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും പുറത്തെടുക്കാൻ മടിക്കില്ലെന്നാണ് പുടിൻ പറയുന്നത്.
കഴിഞ്ഞ കാലം വരെ അതീവ സുരക്ഷയുടെ സംരക്ഷിച്ചു പോന്നിരുന്ന കീവിലെ നിർണായക കേന്ദ്രങ്ങൾ വരെ ഇപ്പോൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. റഷ്യ കഴിഞ്ഞയാഴ്‌ചയാണ് യുക്രൈനിൽ തങ്ങളുടെ പുതിയ ഒറെഷ്‌നിക് ബാലിസ്‌റ്റിക് മിസൈൽ പരീക്ഷിച്ചത്. ഇതിന് പിന്നാലെ മേഖലയിൽ വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
അതേസമയം, ഒരേസമയം നിരവധി ആയുധങ്ങൾ ഉപയോഗിക്കുന്നത് ആണവായുധം പ്രയോഗിക്കുന്നതിന്റെ പ്രതീതി ഉണ്ടാക്കുമെന്നും ഉൽക്ക പതിക്കുന്നതിന് തുല്യമായിരിക്കും എന്നുമാണ് റഷ്യൻ പ്രസിഡന്റ് പുടിൻ പറയുന്നത്. കൂടാതെ കഴിഞ്ഞ ദിവസം യുക്രൈനെതിരെ നടന്ന ആക്രമണം യുഎസ് നിർമ്മിത മിസൈൽ ഉപയോഗിച്ച് അവർ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്നാണ് പുടിൻ പറയുന്നത്
കൂടാതെ യുക്രൈന്റെ കൈവശം എന്തൊക്കെ ആയുധങ്ങൾ ഉണ്ടെന്നതിൽ കൃത്യമായ ധാരണ ഉണ്ടെന്നും പുടിൻ വ്യക്തമാക്കുന്നു. എന്നാൽ പുടിന്റെ ഭീഷണി വെറും ബലഹീനതയുടെ അടയാളമാണെന്നാണ് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. പുടിന്റെ വാക്കുകളിൽ പാശ്ചാത്യ രാജ്യങ്ങൽ ഭയക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് പ്രസിഡന്റായി ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കാനിരിക്കെയാണ് മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം ഉയർന്നുവരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ ട്രംപിനെ പുകഴ്ത്തിയാണ് പുടിൻ രംഗത്ത് വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ട്രംപിന് ബുദ്ധിയുണ്ടെന്നും അദ്ദേഹം ഒരു പ്രശ്‌ന പരിഹാരം കണ്ടെത്താൻ ശേഷിയുള്ള വ്യക്തിയാണെന്നും പുടിൻ പ്രശംസിച്ചു.