മുംബൈ: മഹാരാഷ്ട്രയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന. മഹായുതി സഖ്യകക്ഷി നേതാക്കള്‍ ഡല്‍ഹിയില്‍ വെച്ച് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സർക്കാർ രൂപീകരണത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരുടേയും കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ദേവേന്ദ്ര ഫഡ്‌നാവിസ് ( ബി ജെ പി), ഏകനാഥ് ഷിൻഡെ (ശിവസേന), അജിത് പവാർ (എന്‍ സി പി) എന്നിവരാണ് അമിത് ഷായുമായി വ്യാഴാഴ്ച രാത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അർധരാത്രിയിൽ അവസാനിച്ച യോഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അന്തിമയോഗമാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്തിമ അനുമതി മാത്രമേ ഇനി പ്രഖ്യാപനത്തിന് ആവശ്യമുള്ളുവെന്നുമാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ താനൊരു ‘തടസ്സം’ ആകില്ലെന്നും പ്രധാനമന്ത്രിയും ബി ജെ പി കേന്ദ്ര നേതൃത്വവും എന്ത് തീരുമാനിക്കുന്നോ അതിന് അനുസൃതമായി മുന്നോട്ട് പോകുമെന്നും ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിസന്ധി ഏകദേശം അയഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിക്ക് മുഖ്യമന്ത്രി സ്ഥാനവും സഖ്യ കക്ഷികളായ ശിവസേനക്കും എൻ സി പിക്കും ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചേക്കും
ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും 288 എംഎൽഎമാരിൽ ഭൂരിഭാഗവും മറാത്ത കമ്യൂണിറ്റിയില്‍ നിന്നുള്ളവരായതിനാല്‍ ജാതീയമായ ചില സമവാക്യങ്ങളും ബി ജെ പി പരിഗണിക്കുന്നതായി സൂചനയുണ്ട്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള നേതാവാണ് ഫഡ്‌നാവിസ്. പാർട്ടിയുടെ മുതിർന്ന നേതാവ് വിനോദ് താവ്‌ഡെയുമായി ഷാ ഈ വിഷയത്തിൽ കൂടിയാലോചന നടത്തിയെന്നും എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു
നേരത്തെ, സംവരണ പ്രക്ഷോഭത്തിനിടെ മറാത്ത നേതാവ് മനോജ് ജാരംഗേ-പാട്ടീൽ ഫഡ്‌നാവിസിനെ “മറാത്ത വിദ്വേഷി” എന്നായിരുന്നു വിശേഷിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാ പ്രതിസന്ധികളും പരിഹരിക്കാനാണ് ബി ജെ പി നീക്കം നടത്തുന്നത്. ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എന്ത് പദവി നല്‍കും എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്
ദേവേന്ദ്ര ഫഡ്നാവിസിന് കീഴില്‍ ഉപമുഖ്യമന്ത്രിയാകുക അല്ലെങ്കില്‍ കേന്ദ്രമന്ത്രിയാകുക എന്നീ സാധ്യതകളാണ് ഏക്നാഥ് ഷിന്‍ഡെയ്ക്ക് മുന്നിലുള്ളത്. മുഖ്യമന്ത്രി പദം നഷ്ടമാകുമെങ്കിലും ഷിന്‍ഡെ സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. അങ്ങനെയെങ്കില്‍ അദ്ദേഹം ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തേക്കും. എന്‍ സി പി നേതാവ് അജിത് പവാറായിരിക്കും മറ്റൊരു ഉപമുഖ്യമന്ത്രി