ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി ഫെംഗല്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാനും സാധ്യതയുണ്ട്
കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇത് ശ്രീലങ്കയുടെ തീരത്ത് കടന്ന് തമിഴ്നാട് തീരത്ത് എത്താന്‍ സാധ്യതയുണ്ട്
ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ച 24 മണിക്കൂറില്‍ പുതുച്ചേരിയില്‍ 7.5 സെന്റീമീറ്റര്‍ മഴയും കാരയ്ക്കലില്‍ 9.5 സെന്റീമീറ്റര്‍ മഴയും പെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ട് ദിവസമായി വ്യാപക മഴയാണ് ലഭിച്ചത്. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2000 ഏക്കറിലെ നെല്‍ക്കൃഷി നശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ഡെല്‍റ്റ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും താമസിക്കുന്ന 1200-ലധികം പേരെ ബുധനാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
നാഗപട്ടണത്ത് 12 ക്യാമ്പുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നാഗപട്ടണത്തെ സൂര്യ നഗറില്‍ താമസിക്കുന്ന 45 കുടുംബങ്ങളിലെ 110 ഓളം പേരെ മുനിസിപ്പാലിറ്റി മിഡില്‍ സ്കൂളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
പെരിയനരിയകാട് 67 കുടുംബങ്ങളിലെ 231 പേരെ പഞ്ചായത്ത് യൂണിയന് പ്രൈമറി സ്കൂളിലേക്കും പാപ്പാക്കോവില് 72 കുടുംബങ്ങളിലെ 180 പേരെ ക്യാമ്പിലേക്കും പറങ്ങിനലൂരിലെ 40 കുടുംബങ്ങളിലെ 120 പേരെയും സ്വകാര്യ ഹാളിലേക്കും മാറ്റിയിരിക്കുകയാണ്