ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോള്‍ ചിത്രത്തിന്റെ റണ്‍ടൈമിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാകും പുഷ്പ 2. തങ്ങളുടെ പ്രിയതാരത്തിന്റെ പ്രകടനം ഏറെ നേരം കണ്ടിരിക്കാം എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതിനൊപ്പം ഇതില്‍ വെല്ലുവിളിയുമുണ്ട്.
ഇന്റര്‍വെല്‍ കൂട്ടി മൂന്നര മണിക്കൂറോളമാകും പ്രേക്ഷകർ തിയറ്ററില്‍ ഇരിക്കേണ്ടിവരിക. ഇങ്ങനെ വന്നാല്‍ ദിവസേനയുള്ള പ്രദര്‍ശനങ്ങളില്‍ കുറവു വരും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ വന്‍ വിജയമായിരുന്നു. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്.