വീടിനകത്ത് സുഗന്ധം നിറയ്‌ക്കാൻ ചന്ദനത്തിരി കത്തിച്ചു വയ്‌ക്കുന്ന രീതി പണ്ടുതൊട്ടെയുള്ളതാണ്. എന്നാലിപ്പോള്‍ പലതരം സുഗന്ധമുള്ള വെറൈറ്റി അഗര്‍ബത്തികള്‍ വിപണിയില്‍ സുലഭമായിട്ടുണ്ട്.
എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെ.
2015 ല്‍ ചൈനയില്‍ നടന്ന പഠനത്തില്‍ പറയുന്നു, അഗര്‍ബത്തികളില്‍ നിന്ന് പുറത്ത് വരുന്ന പുകയില്‍ മൂന്ന് തരം വിഷമാണ് അടങ്ങിയിരിക്കുന്നത്. മ്യൂട്ടാജെനിക്, ജീനോടോക്സിക്, സൈറ്റോടോക്സിക് എന്നിവയാണവ. ഈ വിഷങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുക വഴി ശ്വാസകോശ അര്‍ബുദം കൂടാതെ മനുഷ്യനില്‍ ജനിതക മാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനിതക മാറ്റം ക്രമേണ ഡി.എന്‍.എ യുടെ ഘടനയിലും മാറ്റം വരുന്നു.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുകയില്‍ 64 പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശ്വാസകോശങ്ങളില്‍ ഇത് കടക്കുമ്ബോള്‍ ആളുകളില്‍ മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.