ചായ ഊതിയൂതി കുടിക്കാനാണോ ഇഷ്ടം? ക്യാൻസര്‍ വിളിപ്പുറത്തുണ്ട്, കാപ്പിയും വില്ലനാകുമോ

മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ചായ എന്നാല്‍ പ്രത്യേക ഒരു വികാരമാണ്. കോഫിയോടും ഇന്ത്യക്കാർക്ക് പ്രിയം ഏറി വരുന്നുണ്ട്.

ചൂട് ചായയും കാപ്പിയുമൊക്കെ ഊതിയൂതി കുടിക്കാനാണ് കൂടുതല്‍പ്പേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഈ ഇഷ്ടത്തോട് വിടപറയണമെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധർ പറയുന്നത്.

നല്ല ചൂടുള്ള ചായയും കാപ്പിയും പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്നനാളത്തില്‍ ക്യാൻസർ വരാനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് നേരിട്ട് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഉയർന്ന താപനിലയാണ് ഇതിന് കാരണമാകുന്നതായി വിലയിരുത്തുന്നത്.

ചൂട് പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരില്‍ ഈസോഫാഗല്‍ സ്‌ക്വാമസ് സെല്‍ കാർസിനോമ (ഇഎസ്‌സിസി) രൂപപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് സൗത്ത് കല്‍ക്കത്തയിലെ എഎംഡി ക്ളിനിക്കിന്റെ സ്ഥാപകൻ ഡോ. ആനന്ദ്മോയ് ദത്ത പറഞ്ഞു. പതിവായി ചൂട് ചായയും കാപ്പിയും കുടിക്കുന്നവരില്‍ അന്നനാള ക്യാൻസറിനുള്ള സാദ്ധ്യത കൂടുതലാണെന്നത് വ്യക്തമായി തെളിയിക്കപ്പെട്ടതാണെന്നും ഡോ. ആനന്ദ് വ്യക്തമാക്കി.

വായയും ആമാശയവുമായി ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ചൂട് പാനീയങ്ങള്‍ കുടിക്കുമ്ബോള്‍ അന്നനാളത്തിന്റെ പുറം പാളിയില്‍ ചൂട് ഏല്‍ക്കുന്നു. പതിവായി ചൂടേല്‍ക്കുമ്ബോള്‍ ഇത് നീർവീക്കം, കോശങ്ങളുടെ തകരാറ് എന്നിവയ്ക്ക് കാരണമാകുകയും തുടർന്ന് ക്യാൻസറിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

കാലക്രമേണ കോശങ്ങളുടെ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന, അന്നനാളത്തിന്റെ ആവരണത്തിനുണ്ടാകുന്ന ‘താപ പരിക്കില്‍’ നിന്നാണ് ഈ അപകടസാദ്ധ്യത ഉയരുന്നതെന്ന് ബംഗളൂരു ആസ്റ്റർ സിഎംഐ ആശുപത്രയിലെ ക്യാൻസർ രോഗ വിദഗ്ധനായ ഡോ. സോമശേഖർ എസ് പി വ്യക്തമാക്കി. ഈ പ്രക്രിയ കാലക്രമേണ ഉണ്ടാകുന്നതാണ്. ഉയർന്ന താപനില ആവർത്തിച്ച്‌ ഏല്‍ക്കുന്നത് വിട്ടുമാറാത്ത വീക്കത്തിനും കോശങ്ങളുടെ കേടുപാടുകള്‍ക്കും കാരണമാകും, ആത്യന്തികമായി കോശങ്ങളില്‍ മാരകമായ പരിവർത്തനങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഡോക്‌ടർ സോമശേഖർ കൂട്ടിച്ചേർത്തു.

65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള പാനീയങ്ങളെ മനുഷ്യർക്ക് ക്യാൻസറിന് കാരണമാകുന്നവയായി ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച്‌ ഓണ്‍ ക്യാൻസർ (ഐഎആർസി) തരംതിരിച്ചിട്ടുണ്ട്. ഇതിന് പുറമെ കാപ്പിയും മാംസാഹാരവും കഴിക്കുന്നതിനൊപ്പം പുകവലിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത കൂട്ടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *