യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമം; കനേഡിയൻ പൗരൻ പിടിയില്‍

ടെക്‌സസിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തില്‍ പരിഭ്രാന്തി പടർത്തി യാത്രക്കാരൻ. കനേഡിയൻ പൗരനായ ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിക്കുകയും, ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച്‌ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മില്‍വാക്കിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച്‌ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അയാള്‍ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു.

തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്റർറർനാഷനല്‍ എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ വാർത്ത കുറിപ്പില്‍ പറയുന്നു. ഡഫ് മക്ക്രൈറ്റ് എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ അക്രമിയെ കീഴടക്കാൻ മുന്നിട്ടിറങ്ങിയതെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സേഫ്റ്റി ടാപ്പു കൊണ്ട് യാത്രാവസാനം വരെ ഇയാളെ യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ബന്ധനത്തിലാക്കി നിർത്തുകയായിരുന്നു. പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും എയർപോർട്ട് പോലീസും എഫ്.ബി.ഐയും മാനസികാരോഗ്യ നില പരിശോധിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *