കൂനംതൈയിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്സി എബ്രഹാ (55) മിന്റെ കൊലപാതകത്തിന് പിന്നില്‍ മാസങ്ങള്‍നീണ്ട പ്ലാനിങ്.
ഏതാണ്ട് രണ്ട് മാസം മുൻപേ ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. പ്രതികളായ ഗിരീഷ് ബാബുവും ഖദീജയും ജെയ്സിയുടെ കൈയിലുണ്ടായിരുന്ന 30 ലക്ഷം രൂപയും സ്വർണ വളകളും തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്സിക്ക് അടുത്തിടെ വീട് വിറ്റ് 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികള്‍ നേരത്തെ അറിഞ്ഞിരുന്നു.
അപ്പാർട്ട്മെന്റിനു പുറത്തെ വീട്ടിലെ സി.സി.ടി.വി.യില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നതായും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി. ഓണ്‍ലൈൻ ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ജെയ്സിയെ സന്ദർശിക്കാൻ ഗിരീഷ് ഇടയ്ക്കിടെ അപ്പാർട്ട്മെന്റിലെത്തിയിരുന്നു. ഇവിടെവെച്ചാണ് ഖദീജയെ പരിചയപ്പെട്ടത്. ഇരുവരും പെട്ടെന്നുതന്നെ അടുത്ത സുഹൃത്തുക്കളായി മാറി.
കാക്കനാട് ഇൻഫോപാർക്കിലെ സ്ഥാപനത്തില്‍ കസ്റ്റമർ സപ്പോർട്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോണ്‍ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡിലൂടെയും വലിയൊരു തുകയുടെ കടക്കാരനായിരുന്നു ഗിരീഷ്. 85 ലക്ഷം രൂപയില്‍ കൂടുതല്‍ കടം ഗിരീഷിനുണ്ടായിരുന്നു. ഈ ബാധ്യത തീർക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ഗിരീഷിന്റെ ലക്ഷ്യം.
17-ന് രാവിലെ 10.20-ഓടെ ഗിരീഷ് അപ്പാർട്ട്മെന്റിലെത്തി ജെയ്സിയുമൊന്നിച്ച് മദ്യം കഴിച്ചു. ലഹരിയിലായ ജെയ്സി കട്ടിലില്‍ കിടന്ന സമയത്ത് ബാഗില്‍ കരുതിയിരുന്ന ഡംബല്‍ ഉപയോഗിച്ച് അവരുടെ തലയ്ക്ക് പലവട്ടം അടിച്ചു. നിലവിളിക്കാതിരിക്കാൻ മുഖം തലയിണ െവച്ച് അമർത്തിപ്പിടിച്ചു. തെന്നിവീണ് പരിക്കേറ്റു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ജെയ്സിയുടെ മൃതദേഹം വലിച്ചുകൊണ്ടുപോയി ശൗചാലയത്തിലിട്ടതായും പോലീസ് പറഞ്ഞു. വേഷം മാറി ഫ്ളാറ്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടി താക്കോലുമായി മറ്റൊരു വഴിയിലൂടെ കടന്നു. ജെയ്സിയുടെ അപ്പാർട്ട്മെന്റില്‍ ഒട്ടേറെപ്പേർ വന്നു പോകുന്നതിനാല്‍ തങ്ങളെ സംശയിക്കില്ലെന്ന് പ്രതികള്‍ ഉറപ്പിച്ചു. കൊലപാതകത്തിനു ശേഷം ഗിരീഷ് ഇക്കാര്യങ്ങള്‍ ഖദീജയെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളില്‍ അപ്പാർട്ട്മെന്റിനും പരിസരത്തും വെളുപ്പിനും മറ്റും വന്ന് പോലീസ് നീക്കങ്ങളുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.
മാസങ്ങള്‍ നീണ്ട പ്ലാനിങ്, പക്ഷേ ക്യാമറ കുടുക്കി
18-ന് പുലർച്ചെ 4 മണി. കളമശ്ശേരി കൂനംതൈയില്‍ 50-കാരിയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് പുലർച്ചെ, പ്രതി ഗിരീഷ് അപ്പാർട്ട്മെന്റിനു സമീപമെത്തിയിരുന്നു. അപ്പാർട്ട്മെന്റില്‍ ക്യാമറകളില്ലെങ്കിലും പുറത്തെവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വരവ്. തൊട്ടടുത്ത വീട്ടില്‍ നിന്ന് ഇരുട്ടില്‍ ചെറിയ ചുവന്ന വെട്ടം കണ്ടതോടെ ഗിരീഷ് ഒന്ന് പതറി തലയില്‍ കൈവെച്ചു. അവിടെയുണ്ടായിരുന്ന ക്യാമറയില്‍ തന്റെ വരവും പോക്കും പതിഞ്ഞതായി മനസ്സിലാക്കി.
ഏതാണ്ട് രണ്ട് മാസം മുൻപേ ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. അതിനു മുന്നോടിയായി ഗിരീഷ് ബാബു രണ്ടുവട്ടം ട്രയല്‍ നടത്തി ജെയ്സിയുടെ ഫ്ളാറ്റിന്റെ സമീപം വരെ വന്നുപോയി. സി.സി.ടി.വി. ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് കൃത്യമായ പ്ലാനിങ് നടത്തിയാണ് കൃത്യം നടപ്പാക്കിയത്. ഫ്ളാറ്റില്‍ മറ്റാരും ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലാണ് കഴിഞ്ഞ പതിനേഴാം തീയതി ഞായറാഴ്ച തിരഞ്ഞെടുത്തത്. എന്നാല്‍, അപ്പാർട്ട്മെന്റിനു പുറത്തെ ക്യാമറ പ്രതിയെ കുടുക്കി.
ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കില്‍ എൻ.ജി.ഒ. ക്വാർട്ടേഴ്സിനു സമീപമുള്ള വീട്ടില്‍നിന്ന് ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങിയാണ് ഉണിച്ചിറ പൈപ്പ് ലൈൻ റോഡില്‍ എത്തിയത്. അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകള്‍ മാറിക്കയറി ജെയ്സിയുടെ ഫ്ളാറ്റിലെത്തി. ഹെല്‍മെറ്റ് ധരിച്ചായിരുന്നു മുഴുവൻ സമയവും സഞ്ചരിച്ചത്. കൊലപാതക ശേഷം ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ് ആ സമയം ധരിച്ചിരുന്ന ഷർട്ട് മാറി പ്രതി ബാഗില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ച് പുറത്ത് കടന്നു. കയറിപ്പോകുമ്ബോഴും തിരികെ വരുമ്ബോഴും രണ്ട് ഷർട്ട് ഇട്ടിരുന്നത് പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മാത്രമല്ല, ഇതേ ക്യാമറയില്‍ മുൻപ് ഇവിടെ പലവട്ടം പതിഞ്ഞ ഗിരീഷിന്റെ രൂപസാദൃശ്യത്തില്‍നിന്നാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലപാതക ശേഷം ചെങ്ങമനാടുള്ള ബന്ധുവീട്ടിലും തുടർന്ന് ഇടുക്കിയിലും ഗിരീഷ് പോയി. ഇതിനിടയ്ക്ക് അപ്പാർട്ട്മെന്റിനു സമീപമെത്തി പോലീസ് നീക്കം പരിശോധിച്ചു. ഫോണ്‍കോളുകള്‍ വഴി പോലീസ് അന്വേഷണം നടത്തുമെന്നതിനാല്‍ കൊല്ലപ്പെട്ട ജെയ്സിയുമായി മാസങ്ങളായി പ്രതി ബന്ധപ്പെട്ടിരുന്നില്ല.