പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ വീണ്ടും ട്വിസ്റ്റ്; യുവതി ആശുപത്രിയില്‍, ‘ഭര്‍ത്താവ് മര്‍ദ്ദിച്ചു’

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാഹുല്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലാക്കിയ ശേഷം അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി ഇയാള്‍ കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രാഹുല്‍ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്

ഭര്‍ത്താവ് തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ചും മര്‍ദ്ദിച്ചു എന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റു എന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി എന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അറിഞ്ഞ് പൊലീസ് 11 മണിയോടെ തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു.

എന്നാല്‍ തനിക്ക് പരാതിയില്ല എന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണം എന്നും യുവതി പന്തീരാങ്കാവ് പൊലീസിന് എഴുതി നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവാണ് രാഹുലിന്റെ വീട്. സംഭവത്തില്‍ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എഎം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അടുത്തിടെ ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്നാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. രാഹുലുമായി വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ 150 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചു എന്ന് പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയിരുന്നു.

തനിക്കേറ്റ മര്‍ദ്ദനത്തിന്റെ ചിത്രങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഈ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ അടക്കമുള്ള നിയമ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് യുവതി മൊഴി മാറ്റിയത്. രാഹുല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്നും യുവതി പറഞ്ഞു. എന്നാല്‍ ഇതില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

എന്നാല്‍ യുവതി കുടുംബത്തെ തള്ളുകയും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് വെളിപ്പെടുത്തി വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുലിനെതിരായ കുറ്റപത്രം തള്ളണം എന്നും കേസ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *