‘കൈതി 2വിന്റെ ജയില്‍ പോര്‍ഷനുകള്‍ക്ക് റഫറന്‍സ് ഈ ബാലാജി ചിത്രം’; ലോകേഷ് കനകരാജ്

സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രമാണ് ‘കൈതി 2’.എല്‍സിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രമാണ് കാർത്തി നായകനായി എത്തിയ കൈതി.തീയേറ്ററുകളില്‍ വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ എത്തുമെന്ന് ലോകേഷ് അറിയിച്ചിരുന്നു.ഇപ്പോള്‍ എല്‍സിയു ആരാധകർക്കായി ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് താരം.

കൈതിയില്‍ ജയിലില്‍ വച്ച ചിത്രീകരിക്കേണ്ട ഒട്ടനവധി സീനുകളുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി താൻ റഫര്‍ ചെയ്യാന്‍ പോകുന്ന ചിത്രം സ്വര്‍ഗവാസലാണെന്ന് ലോകേഷ് അറിയിച്ചു .ആർ എല്‍ ബാലാജി നായകനായി എത്തുന്ന സ്വർഗവാസലിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഈ മാസം 29 -ന് സ്വര്‍ഗവാസല്‍ ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ നായകനായ ആര്‍ ജെ ബാലാജിയും താനും നല്ല സുഹൃത്തുക്കളാണെന്നും സ്വര്‍ഗവാസലിനെപ്പറ്റി ബാലാജി പറഞ്ഞപ്പോള്‍ താന്‍ എക്‌സൈറ്റഡായെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗവാസലിന്റെ ട്രെയ്ലർ ലോഞ്ചില്‍ ലോകേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും അതിഥികളായി എത്തിയിരുന്നു. നവാഗതനായ സിദ്ധാർത്ഥ് വിശ്വനാഥാണ് സ്വര്‍ഗവാസലിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . തമിഴിലെ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു സിദ്ധാർത്ഥ്.

‘ഞാനും ബാലാജിയും നല്ല സുഹൃത്തുക്കളാണ്. സിനിമകളെപ്പറ്റിയാണ് ഞങ്ങള്‍ അധികവും സംസാരിക്കാറുള്ളത്. അങ്ങനെയാണ് അവന്‍ സ്വര്‍ഗവാസലിനെപ്പറ്റി എന്നോട് പറഞ്ഞത്. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. നല്ല ഇന്റന്‍സായിട്ടാണ് ഇതിലെ ആക്ഷന്‍ സീനുകള്‍ എടുത്തിട്ടുള്ളത്. സാധാരണ ജയില്‍ സിനിമ എന്ന് വിചാരിച്ചാണ് കണ്ടുതുടങ്ങിയത്. ആക്ഷന്‍ സീനുകളും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും മികച്ചതാണ്. പക്ഷേ ഇതിന്റെ കഥ പോകുന്ന രീതി അപാരമാണ് . കൈതി 2വിലെ ജയില്‍ സീനുകള്‍ ഒരുപാടുണ്ട്. ആ സിനിമക്ക് വേണ്ടി സ്വര്‍ഗവാസല്‍ ഒരു റഫറന്‍സായി എടുത്താലോ എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കൈതി 2വിന്റെ കഥ കുറച്ചുകൂടി മോഡിഫൈ ചെയ്താലോ എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. എനിക്ക് ഈ സിനിമ വളരെയധികം ഇഷ്ടമായി,’ ലോകേഷ് കനകരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *