പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.
ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഞായറാഴ്ച മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജില്‍ നാലാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിനെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും കോളജിലും ഹോസ്റ്റലിലും നടന്നിട്ടുള്ള സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് സജീവനും മാതാവ് രാധാമണിയും പോലീസിനോട് ആവര്‍ത്തിച്ചു. അമ്മു ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്ന് സഹോദരനും പറയുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ മാത്രം നല്കി ഏറെ സമയം കിടത്തിയെന്നും ബന്ധുക്കള്‍ എത്തിയാല്‍ മാത്രം ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിലപാട് സ്വീകരിച്ചെന്നും ആരോപണമുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജോ തിരുവല്ലയില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളോ ഉണ്ടെന്നിരിക്കേ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത് ദുരൂഹമാണ്. വഴിമധ്യേ നില ഗുരുതരമാണെന്നു കണ്ടിട്ട് മറ്റ് ആശുപത്രികളില്‍ കയറ്റിയതുമില്ല.
ലൈഫ് സപ്പോര്‍ട്ടിനുള്ള സംവിധാനമുള്ള ആംബുലന്‍സില്‍ അല്ല കുട്ടിയെ കൊണ്ടുപോയത്. വഴിമധ്യേ ആയിരുന്നു മരണം. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്ന നിലപാടിലാണ് കോളജ് അധികൃതര്‍.