ഒന്നിച്ചുനിന്നാല്‍ നമ്മള്‍ സേഫാണ്, ഇത് രാജ്യം ഏറ്റെടുത്ത മഹാമന്ത്രമായി ഇതാ മറ്റൊരു ചരിത്ര വിജയം’ പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍ നമ്മള്‍ സേഫാണ് എന്ന മുദ്രാവാക്യം ഇന്ത്യ ഏറ്റെടുത്ത മഹാമന്ത്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മുന്നണി ഉയര്‍ത്തിയ നെഗറ്റീവ് പൊളിറ്റിക്‌സിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കോണ്‍ഗ്രസ് ഇത്തിക്കണ്ണിയാണെന്നും ഒപ്പം നില്‍ക്കുന്നവരെക്കൂടി അത് നശിപ്പിക്കുമെന്ന് ഉറപ്പായെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷവും വികസനത്തില്‍ മഹാരാഷ്ട്ര കുതിക്കുമെന്നും കസേര നോക്കി മാത്രം പ്രവര്‍ത്തിക്കുന്നവരെ ജനം തള്ളിക്കളയുമെന്നും മോദി പറഞ്ഞു. ജയ് ഭവാനിയെന്ന് വിളിച്ച് പ്രസംഗിച്ച മോദി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. സംവരണം പറഞ്ഞ് ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ മുന്നണിയ്ക്ക് ഈ തെരഞ്ഞെടുപ്പ് കനത്ത പ്രഹരമാണ്. എന്നാല്‍ തങ്ങള്‍ വികസനത്തിനൊപ്പമാണ് നടക്കുന്നത്. മറാഠാ ജനയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. തങ്ങളാണ് മറാഠ ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കിയതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവിജയത്തിന് പരിശ്രമിച്ച ഏക്‌നാഥ് ഷിന്‍ഡേ, ഫഡ്‌നാവിസ്, അജിത് പാവാര്‍ എന്നിവരെ മോദി അഭിനന്ദിച്ചു.മഹാരാഷ്ട്രയിലെ അമ്മമാരെയും സഹോദരിമാരേയും യുവാക്കളെയും കര്‍ഷകരെയും നമിക്കുന്നുവെന്ന് പറഞ്ഞ മോദി വീണ്ടും വിജയിപ്പിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞു. ഛത്രപതി ശിവാജി, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ വീരന്മാരുടെ മണ്ണില്‍ ബിജെപി മുന്‍കാലത്തെകാളും വലിയ വിജയം നേടി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ കുടുംബ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിനും ഒപ്പം ഉള്ളവര്‍ക്കും മഹാരാഷ്ട്ര മറുപടി നല്‍കി. കോണ്‍ഗ്രസിന് മറ്റ് പാര്‍ട്ടികളോട് ചേര്‍ന്നല്ലാതെ ജയ്ക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും മോദി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *