മൊബൈല്‍ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്ബതികള്‍ അറസ്റ്റില്‍. ഫോണ്‍ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുന്നതാണ് ഇവരുടെ രീതി.
വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എംഡി ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകള്‍ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കില്‍ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും.
ഇത്തരത്തില്‍ മൊബൈല്‍ തട്ടിയെടുത്ത പത്തോളം കേസുകളില്‍ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈല്‍ സമാനരീതിയില്‍ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയില്‍ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.