രണ്ടത്താണി വലിയകുന്നില്‍ ഇരുമ്ബ് യുഗ കാലത്തെ അടയാളങ്ങള്‍

രണ്ടത്താണിക്കടുത്തുള്ള വലിയകുന്നില്‍ രണ്ടായിരത്തോളം വർഷങ്ങള്‍ക്കുമുമ്ബ് ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങള്‍ കണ്ടെത്തി.

കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫ. ഡോ. പി. ശിവദാസന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇവ കണ്ടെത്തിയത്.

പുരാവസ്തു ശാസ്ത്രത്തില്‍ ‘പോസ്റ്റ് ഹോള്‍’ എന്നറിയപ്പെടുന്ന നിരവധി കാല്‍ക്കുഴികളും, കപ്പ് മാർക്കുകള്‍ എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ ചെറുകുഴികളും ചാലുകളും വിനോദവുമായി ബന്ധപ്പെട്ടതെന്ന് വിശ്വസിക്കുന്ന പല്ലാങ്കുഴികളും വലിയ കുന്നിലെ ചെങ്കല്‍ പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നു.

ഈ സ്ഥലം അക്കാലത്തെ ഇരുമ്ബ് ഖനനം നടത്തിയ സ്ഥലമാണെന്നും സൂചന ലഭിക്കുന്നുണ്ട്. മൂവായിരത്തോളം വർഷങ്ങള്‍ക്കു മുമ്ബ് ആരംഭിച്ച ഇരുമ്ബുയുഗത്തിന്‍റെ തെളിവുകള്‍ കൂടിയാണിത്.

കേരളചരിത്ര പഠനത്തിന് സഹായകമായ ശാസ്ത്രീയ തെളിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇരുമ്ബ് യുഗകാലത്തെ ചെങ്കല്‍ ഗുഹകളും കുടക്കല്ലുകളും മുൻകാലത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.

വലിയകുന്നില്‍ മുതിർന്ന വ്യക്തിയുടെയും കുട്ടിയുടെയും കാല്‍പാദങ്ങളും ഇരുമ്ബായുധങ്ങള്‍ കോറിയിട്ടതായി കാണുന്നുണ്ട്. പരിശോധന സംഘത്തില്‍ ഗവേഷകർക്കൊപ്പം ഫറൂഖ് രണ്ടത്താണിയും ഉണ്ടായിരുന്നു. കുന്നിടിച്ചിലും ക്വാറികളും വിലപ്പെട്ട ഈ തെളിവുകള്‍ക്ക് ഭീഷണിയാണെന്ന് ഗവേഷക സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *