‘ഒന്നിച്ച്‌ ജീവിക്കാന്‍ താല്‍പര്യമില്ല’; ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍

വിവാഹമോചനക്കേസില്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹാജരായി നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും. ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്.

ഒന്നിച്ച്‌ ജീവിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നുതന്നെ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും.

ഐശ്വര്യയും ധനുഷും ഇതിനു മുമ്ബ് നടന്ന മൂന്ന് ഹിയറിങുകളിലും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു.2004 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. 18 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

‘സുഹൃത്തുക്കളായും ദമ്ബതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച്‌ 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേര്‍പെടുന്ന ഒരിടത്താണ് നില്‍ക്കുന്നത്. ദമ്ബതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.’ സംയുക്ത പ്രസ്താവനയിലെ വാക്കുകളിങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *