സുരക്ഷാപ്രശ്നം: കുറുവസംഘത്തിലെ കണ്ണി സന്തോഷിനെ ഉടനേ തമിഴ്നാട്ടിലേക്കു കൊണ്ടുപോകില്ല

മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കുറുവസംഘത്തിലെ കണ്ണി തമിഴ്നാട് സ്വദേശി സന്തോഷ് ശെല്‍വ(25)ത്തെ തെളിവെടുപ്പിന് അയാളുടെ നാട്ടിലേക്ക് ഉടനേ കൊണ്ടുപോകുന്നത് ഒഴിവാക്കിയേക്കും.

കസ്റ്റഡിയില്‍ വാങ്ങിയ സന്തോഷിനെ വ്യാഴാഴ്ച തമിഴ്നാട്ടിലെത്തിച്ചു തെളിവെടുക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. സുരക്ഷാപ്രശ്നം മുൻനിർത്തിയാണ് ഇതു തത്കാലം ഒഴിവാക്കാൻ ആലോചിക്കുന്നത്.

തമിഴ്നാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാൻ കൂടുതല്‍ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മണ്ണഞ്ചേരി പോലീസ് എസ്.പി.ക്ക് അപേക്ഷ നല്‍കി. പോലീസ് ബസ് ഉള്‍പ്പെടെയുള്ള സന്നാഹമാണ് ആവശ്യപ്പെട്ടത്. മറ്റൊരു സംസ്ഥാനത്തേക്കു പ്രതിയെ കൊണ്ടുപോകുന്നതിനാല്‍ ഇരുസംസ്ഥാനങ്ങളുടെയും അനുമതി ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്ന മുറയ്ക്കേ അങ്ങോട്ടു കൊണ്ടുപോകൂ. അഞ്ചുദിവസത്തെ കസ്റ്റഡിയേ കോടതി നല്‍കിയിട്ടുള്ളൂ. അതിനുമുൻപ് ഇതു തീരുമാനമാകുമോയെന്നു വ്യക്തമല്ല.

കുണ്ടന്നൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച്‌ ചതുപ്പിലൊളിച്ച സന്തോഷിനെ നാലുമണിക്കൂർ തിരച്ചില്‍ നടത്തിയിട്ടാണ് കണ്ടെത്താൻ പോലീസിനു കഴിഞ്ഞത്. ചോദ്യംചെയ്യലില്‍ തീരെ സഹകരിക്കാത്ത പ്രതിയില്‍നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്.

നേരത്തേ, കോട്ടയം പാലായിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്തോഷ് അന്ന് കൂട്ടുപ്രതിയായി പിടിച്ചയാളുടെ ഫോട്ടോ കാണിച്ചു ചോദിച്ചിട്ട് അറിയില്ല എന്നാണ് പോലീസിനോടു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *