ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 32 കാരനായ ആസാം സ്വദേശി ചെയ്ബുർ റഹ്മാൻ എക്സൈസിൻ്റെ പിടിയിലായത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. ഇയാളില്‍ നിന്നും 700 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും 15 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. തിരുവല്ല അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ നാസറിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്.
അസാം സ്വദേശിയായ ഇയാള്‍ കുറെ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടില്‍ പോയി അവിടെ നിന്നും സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിൻ മാർഗ്ഗം തിരുവല്ലയില്‍ എത്തി ബസ്സില്‍ കയറാൻ കാത്തുനില്‍ക്കെവെയാണ് എക്സൈസിൻ്റെ പിടിയിലാകുന്നത്. നാർക്കോട്ടിക് നിയമപ്രകാരം 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബ്രൗണ്‍ ഷുഗറിൻ്റെ ഉപയോഗം. പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷൻ അടക്കം അന്യസംസ്ഥാന തൊഴിലാളികള്‍ തമ്ബടിക്കുന്ന വിവിധ സ്ഥലങ്ങള്‍ എക്സൈസിൻ്റെ നിരീക്ഷണത്തില്‍ ആയിരുന്നു.