സച്ചിൻ ഫാനായ കള്ളനോ? വൈക്കത്തെ വീട്ടില്‍ നിന്നും കള്ളൻ മോഷ്ടിച്ചത് പണത്തോടൊപ്പം സച്ചിനെക്കുറിച്ചുള്ള പുസ്തകവും.
കോട്ടയം വൈക്കത്ത് വെള്ളൂർ റെയില്‍വേ സ്റ്റേഷന് സമീപം കിഴക്കേപ്പറമ്ബില്‍ ഗോപാലകൃഷ്ണൻ്റെ വീട്ടില്‍ നിന്ന് 24970 രൂപയും സച്ചിനെക്കുറിച്ചുള്ള ‘സച്ചിൻ:ഗോഡ് ഓഫ് ക്രിക്കറ്റ്’ എന്ന പുസ്തകവും മോഷണം പോയി. പ്രദേശത്ത് കള്ളൻ ഇറങ്ങിയിട്ടുണ്ടെന്ന പൊലീസ് മുന്നറിയിപ്പിന് പിന്നാലെ രാത്രിയില്‍ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടില്‍ നിന്നുതന്നെയാണ് കള്ളൻ മോഷണം നടത്തിയത്.
സംഭവമിങ്ങനെ: പ്രദേശത്ത് കള്ളൻമാർ ഇറങ്ങിയതായി വിവരം ലഭിച്ചതിനാല്‍ എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് പൊലിസ് നിർദ്ദേശം നല്‍കിയിരുന്നു. പൊലീസ് പെട്രോളിംഗിനിടയില്‍ ഗോപാലകൃഷ്ണൻ്റെ വീട്ടില്‍ ലൈറ്റ് തെളിയാത്തത് ശ്രദ്ധയില്‍പെട്ട പൊലീസ് രാത്രി രണ്ടോടെ ഗോപാലകൃഷ്ണനെ വിളിച്ച് ഉണർത്തി ലൈറ്റ് തെളിയിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പോയ ശേഷം വാതിലടക്കാതെ കസേരയില്‍ ഇരുന്ന് ഗോപാലകൃഷ്ണൻ ഉറങ്ങി പോയി. ഈ സമയം കള്ളൻ വീട്ടില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ചിട്ടി പിടിച്ചു കിട്ടിയ 27,970 രൂപയും സച്ചിനെക്കുറിച്ചുള്ള പുസ്തകവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണം സ്വര്‍ണ്ണമല്ല മുക്കുപണ്ടമാണെന്ന് മനസിലാക്കിയ കള്ളൻ സമീപത്തെ പറമ്ബില്‍ അത് ഉപേക്ഷിച്ചു.
മോഷണശേഷം ജംഗ്ഷനിലെ മണികണ്ഠ ഹോട്ടല്‍ കുത്തിത്തുറന്ന് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരം രുപായുടെ ചില്ലറ നാണയവും കള്ളൻ കവർന്നു. കോട്ടയത്ത് നിന്ന് വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. മോഷ്ടാവിൻ്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ നിന്നും പൊലിസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളില്‍ വീടിന് പുറത്തെ ലൈറ്റുകള്‍ തെളിച്ച് ഇടണമെന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിട്ടുണ്ട്.