2024 -2025 സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ക്രൂസ് കപ്പല്‍ ബഹ്റൈൻ തീരത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച പാരിസ്ഥിതിക വികസിത ക്രൂസ് കപ്പലുകളിലൊന്നായ എം.എസ്.സി യൂറിബിയയാണ് ഖലീഫ ബിൻ സല്‍മാൻ തുറമുഖത്ത് നങ്കൂരമിട്ടത്.
ബഹ്‌റൈൻ ആതിഥ്യമര്യാദയുടെ ഊഷ്മളത സന്ദർശകർക്ക് പകർന്നുകൊണ്ട് വാട്ടർ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു.
തുറമുഖത്തെ അത്യാധുനിക ക്രൂസ് ടെർമിനല്‍ ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രൂസ് കപ്പലുകളെ ഉള്‍ക്കൊള്ളാൻ പര്യാപ്തമാണ്. വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്രൂസ് കപ്പലുകള്‍ തീരത്തടുക്കും.
തടസ്സങ്ങളില്ലാതെ യാത്രക്കാരെ സ്വീകരിക്കാനും മുൻനിര സൗകര്യങ്ങള്‍ ഏർപ്പെടുത്താനുമുള്ള ശേഷി തുറമുഖത്തിനുണ്ട്. ആഗോള ക്രൂസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്‌റൈൻ മാറിയിട്ടുണ്ട്. എം.എസ്.സി യൂറിബിയ ഈ സീസണിലെ പ്രധാന കപ്പലുകളിലൊന്നായിരിക്കും.
ഖലീഫ ബിൻ സല്‍മാൻ തുറമുഖത്തെത്തിയ എം.എസ്.സി യൂറിബിയ കപ്പലിനെ വാട്ടർ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു
320 ദശലക്ഷം ദീനാർ നിർമാണ ചെലവുള്ള കപ്പല്‍
2023ല്‍ നിർമിച്ച ഈ കപ്പലിന് ഏകദേശം 320 ദശലക്ഷം ദീനാർ നിർമാണ ചെലവ് കണക്കാക്കുന്നു. കൂടാതെ ഊർജക്ഷമതയും 23 നോട്ട് വേഗത്തില്‍ സഞ്ചരിക്കാനുമാകും. നൂതനമായ ഓണ്‍-ബോർഡ് മലിനജല സംസ്കരണ സംവിധാനം ഇതിലുണ്ട്. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചാണ് കപ്പല്‍ പ്രവർത്തിക്കുന്നത്.
ഇതുവഴി മലിനജല നിർഗമനം 99 ശതമാനം കുറക്കാൻ കഴിയും. ഇത് എ.പി.എം ടെർമിനലിന്റെ ഡീകാർബണൈസേഷൻ നയവുമായും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായും യോജിക്കുന്നതാണ്.
6300ലധികം വിനോദസഞ്ചാരികള്‍ക്കും 1700ലധികം ജോലിക്കാർക്കും താമസിക്കാൻ കഴിയുന്ന ഏകദേശം 2419 കാബിനുകള്‍ കപ്പലിലുണ്ട്. ലക്ഷ്വറി ബ്രാൻഡ് ഷോപ്പിങ്, പൂളുകള്‍, സ്പാ, വെല്‍നസ് സെന്റർ, കുട്ടികള്‍ക്കും മുതിർന്നവർക്കുമായി എന്‍റർടൈൻമെന്റ് ഏരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
യൂറോപ്പിലെയും അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്ത് കൂടുതല്‍ ഊഷ്മളമായ കാലാവസ്ഥ ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഈ സീസണ്‍ ഉപയോഗപ്പെടുത്തുന്നത്. ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നിവയടക്കം കപ്പലിന്റെ റൂട്ടില്‍ ഉള്‍പ്പെടുന്നു.
മറൈൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും ടൂറിസം വർധിപ്പിക്കാനുമുള്ള ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി കൂടുതല്‍ യാനങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.