രാജ്യത്ത് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കർശനമാക്കുന്നതിനുമായി വിപുലമായ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ) കാമറകള്‍ വിന്യസിക്കുന്നു.
പൊതുറോഡുകളില്‍ ഏകദേശം 252 എ.ഐ കാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസി. ഡയറക്ടർ കേണല്‍ അബ്ദുല്ല ബു ഹസ്സൻ അല്‍ അഖ്ബർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വാഹനത്തിലുള്ളവർ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനും റെക്കോഡ് ചെയ്യാനും പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് കാമറകള്‍. വാഹനത്തിന്റെ മുൻസീറ്റില്‍ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദീനാറില്‍നിന്ന് 50 ദീനാറായി ഉയർത്തുമെന്ന് കേണല്‍ അബ്ദുല്ല ബു ഹസ്സൻ സൂചിപ്പിച്ചു. രാജ്യത്ത് പോയന്റ് ടു പോയന്റ് കാമറകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രണ്ട് നിശ്ചിത പോയന്റുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗം കണക്കാക്കുന്നതാണ് പോയന്റ് ടു പോയന്റ് കാമറകള്‍. കാമറ ലൊക്കേഷനുകള്‍ക്ക് സമീപം വേഗം കുറച്ചാലും വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും ഇത്തരം കാമറകള്‍ സഹായിക്കും.
അപകടകരമായ ഡ്രൈവിങ് കുറക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങള്‍. ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതിലും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിപുല സംരംഭത്തിന്റെ ഭാഗമാണ് ഇവ.