‘മനസ്സമാധാനത്തോടെ വിടവാങ്ങുന്നു’; തോല്‍വിയോടെ ടെന്നീസിനോട് വിട പറഞ്ഞ് നദാല്‍

 സ്‌പാനിഷ്‌ ഇതിഹാസം റഫേല്‍ നദാല്‍ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ്‌ കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് താരത്തിന്‍റെ പടിയിറക്കം.

സ്പെയിനിലെ മലാഗയില്‍ നടന്ന ക്വാർട്ടർ ഫൈനലില്‍ നെതർലൻഡ്‌സിന്റെ ബോട്ടിക് വാൻ ഡി സാൻഡ് ഷെല്‍പ്പാണ് നദാലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്കോർ 4-6, 4-6. 22 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ നദാല്‍, നാട്ടില്‍ നടക്കുന്ന ഡേവിസ്‌ കപ്പോടെ വിടവാങ്ങുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട ടെന്നീസ്‌ കരിയറിനാണ് ഇതോടെ അവസാനമായത്.

മത്സരശേഷം മാർട്ടിൻ കാർപെന അരീനയില്‍ പതിനായിരത്തോളം കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച നദാല്‍ വികാരനിർഭരനായി. കായിക നേട്ടങ്ങളുടെയും വ്യക്തി ഗുണങ്ങളുടെ പേരിലും താൻ ഓർമിക്കപ്പെട്ടമെന്ന ആഗ്രഹവും താരം തുറന്നുപറഞ്ഞു. ‘ഞാൻ ഒരു പാരമ്ബര്യം അവശേഷിപ്പിച്ചു എന്ന മനസ്സമാധാനത്തോടെ വിടവാങ്ങുന്നു, അത് കേവലം കായികമല്ല, വ്യക്തിപരമായ ഒന്നാണെന്ന് എനിക്ക് തോന്നുന്നു’ -നദാല്‍ പറഞ്ഞു. കരിയറിലുടനീളം താൻ ഉയർത്തിപിടിച്ച മൂല്യങ്ങള്‍ എന്നും ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കിരീടങ്ങളും എണ്ണങ്ങളുമല്ല, നല്ലൊരു വ്യക്തി എന്ന നിലയില്‍ ഓർമിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നദാല്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നദാലിനെക്കുറിച്ച്‌ വൈകാരിക കുറിപ്പ് റോജർ ഫെഡറർ പുറത്തുവിട്ടിരുന്നു. സ്പാനിഷ് താരമായ നദാലിനെ അഭിസംബോധന ചെയ്ത് ‘വാമോസ്’ എന്ന തലവാചകത്തോടെ ആരംഭിക്കുന്ന സുദീർഘ പോസ്റ്റില്‍ ഇരുവർക്കുമിടയിലെ തിളക്കമാർന്ന നിരവധി മുഹൂർത്തങ്ങളാണ് സ്വിറ്റ്സർലൻഡുകാരൻ പങ്കുവെക്കുന്നത്.

”നീ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തയാറെടുക്കുമ്ബോള്‍, എനിക്ക് കുറച്ച്‌ കാര്യങ്ങള്‍ പങ്കിടാനുണ്ട്. ഞാന്‍ വികാരാധീനനാകുന്നതിനുമുമ്ബ് എനിക്കത് പറയണം. നീയെന്നെ ഒരുപാട് തോല്‍പിച്ചു. എനിക്ക് അങ്ങോട്ട് തോല്‍പിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ എന്നെ വെല്ലുവിളിച്ചു. കളിമണ്‍ കോര്‍ട്ടില്‍, ഞാന്‍ നിന്റെ വീട്ടുമുറ്റത്ത് കാലുകുത്തുന്നത് പോലെ തോന്നി. ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കളിയില്‍ മാറ്റം വരുത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്തിന് പറയുന്നു, എന്റെ റാക്കറ്റിന്റെ വലുപ്പം മാറ്റാന്‍ പോലും നിര്‍ബന്ധിതനാവേണ്ടി വന്നു.”-ഫെഡറർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *