ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തില്‍ ഒമാന് തോല്‍വി. സുല്‍ത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനാണ് ഇറാഖിനോട് വീണ്ടും അടിയറവ് പറഞ്ഞത്.
36ാം മിനിറ്റില്‍ യൂസഫ് അമീൻ ആണ് വിജയഗോള്‍ നേടിയത്. ഇതോടെ വിലപ്പെട്ട മുന്നുപോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇറാഖിനായി.
വിജയം അനിവാര്യമായ മത്സരത്തില്‍ കൊണ്ടുംകൊടുത്തുമായിരുന്നു ആദ്യപകുതിയില്‍ ഇരുടീമുകളും മുന്നേറിയത്. ഗ്രൗണ്ടില്‍ തടിച്ച് കൂടിയ കാണികളില്‍നിന്നുള്ള ആവേശം ഏറ്റുവാങ്ങി പന്തടക്കത്തിലും മുന്നേറ്റത്തിലും ഒമാനായിരുന്നു ആദ്യ മിനിറ്റുകളില്‍ മുന്നിട്ട് നിന്നിരുന്നത്. ഇറാഖി പ്രതിരോധത്തെ ഭേദിച്ച് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം നേടനായില്ല. പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഇറാഖ് ഒമാൻ ഗോള്‍ മുഖം വിറപ്പിച്ചു. തുടർച്ചയായുള്ള ഇരു ടീമുകളുടെയും മുന്നേറ്റം പലപ്പോഴും പരിക്കൻ അടവുകളിലായിരുന്നു കലാശിച്ചിരുന്നത്. ഇറാഖായിരുന്നു ഇതില്‍ മുന്നിട്ട് നിന്നിരുന്നത്. ഒടുവില്‍ ആദ്യപകുതിക്ക് വിസില്‍ മുഴങ്ങുമ്ബോള്‍ യൂസഫ് അമീനിലൂടെ ഇറാഖ് മുന്നിലെത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ വിജയം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു റെഡ് വാരിയേഴ്സ്. ഇടതുവതുവിങ്ങുകളിലുടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധ കോട്ടകെട്ടി ഇറാഖ് ആക്രമണത്തിന്റെ മുനയൊടിച്ചു. ഗ്രൂപ്പ് ബിയില്‍ 11കളിയില്‍ന്നിന്ന് 14 പോയന്റുമായി ദക്ഷിണകൊറിയ ഏറെക്കുറെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും കളിയില്‍നിന്ന് 11 പോയന്റുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് കളിയില്‍നിന്ന് എട്ടുപോയന്റുമായി ജോർഡനാണ് തൊട്ടടുത്ത്. ആറ് കളിയില്‍നിന്ന് ഇത്രയും പോയന്‍റുമായി ഒമാൻ നാലും മൂന്നു പോയന്റുമായി ഫലസ്തീൻ അഞ്ചാമതുമാണ്. അഞ്ച് കളിയില്‍നിന്ന് മൂന്ന് പോയന്റുമായി കുവൈത്താണ് പട്ടികയില്‍ പിന്നില്‍.