എറണാകുളത്ത് ബൈക്ക് അപടത്തില്‍ രണ്ടുപേർ മരിച്ചു

എറണാകുളത്ത് ബൈക്ക് അപടത്തില്‍ രണ്ടുപേർ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍ സുനിലിന്‍റെ മകൻ എസ് സുബിൻ (19), വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ ശിവന്‍റെ മകള്‍ കെ നിവേദിത (21) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച്ച പുലർച്ചെ 1.30ഓടെ എരൂർ മാത്തൂർ പാലത്തിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു.

കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം മുന്നോട്ട് നിരങ്ങി നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ട പാലത്തിന് സമീപം താമസിക്കുന്ന വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സുബിന്‍ മാത്തൂരിനടുത്ത കോഫി ഷോപ്പിലെ ജീവനക്കാരനും നിവേദിക കോള്‍ സെന്റർ ജീവനക്കാരിയുമാണ്. എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ഇന്നലെ രാത്രി എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം എരുമേലി അട്ടിവളവില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. മോട്ടർ വാഹന വകുപ്പിൻ്റെ സേഫ് സോണ്‍ പെട്രോളിങ് സംഘമെത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ തുടർന്ന് അല്‍പസമയം പാതയില്‍ ഗതാഗത കുരുക്കുണ്ടായെങ്കിലും സേഫ് സോണ്‍ പെട്രോളിങ് സംഘം ക്രെയിൻ ഉപയോഗിച്ച്‌ വാഹനം റോഡില്‍ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *