മണിപ്പൂരില്‍ ബരാക് നദിയില്‍ നിന്നും രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
അതിനിടെ, കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ടു എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായി. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായി. നിരവധി വീടുകള്‍ക്ക് തീയിട്ടു.
ജിരിബാം ജില്ലയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. മൂന്നു കുട്ടികള്‍ അടക്കം ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും.ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. നദിയില്‍ നിന്നും തലയില്ലാത്ത നിലയിലാണ് രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം.
ദുരിതാശ്വാസക്യാമ്ബില്‍ നിന്ന് സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോർട്ടുകള്‍. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടർന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സംഘർഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇംഫാലില്‍ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി.
അതിനിടെ, മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പൂരിലെ ബീരേൻ സിങ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എൻപിപി ഇന്നലെ പിൻവലിച്ചിരുന്നു. സർക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും എൻപിപി ആരോപിച്ചു. മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരിലെ ബിജെപിക്ക് അകത്തും ശക്തമാവുകയാണെന്നാണ് റിപ്പോർട്ടുകള്‍.