റഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കി യുഎസ്

വാഷിങ്ടണ്‍: റഷ്യക്കുള്ളില്‍ അത്യാധുനിക ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കി അമേരിക്ക. പടിഞ്ഞാറന്‍ റഷ്യയിലെ റഷ്യന്‍-ഉത്തരകൊറിയന്‍ സൈനികത്താവളങ്ങളെ ആക്രമിക്കാന്‍ ‘ദ ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ് (എടിഎസിഎംഎസ്)’ എന്ന ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാനാണ് അനുമതി.

അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്റെ പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ഉടനെയാണ് തീരുമാനമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപോര്‍്ട്ട് പറയുന്നു.

യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ സൈനികരെ കൂടി റഷ്യ കൊണ്ടുവന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. അതിനുള്ള മറുപടിയാണത്രെ റഷ്യക്ക് അകത്ത് മിസൈല്‍ ഉപയോഗിക്കാനുള്ള അനുമതി. നേരത്തെ റഷ്യന്‍ അതിര്‍ത്തിയില്‍ ഹിമാര്‍സ് എന്ന മിസൈല്‍ സംവിധാനം ഉപയോഗിക്കാന്‍ യുക്രൈന് അമേരിക്ക അനുമതി നല്‍കിയിരുന്നു. 80 കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മിസൈലിനുളളത്.

എടിഎസിഎംഎസ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതിനെ കുറിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞത് ഇങ്ങനെ ”ഉചിതമായ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അനുമതി ലഭിച്ചുവെന്നാണല്ലോ മാധ്യമങ്ങളിലെ ചര്‍ച്ച. പോരാട്ടങ്ങള്‍ വാക്കുകള്‍ കൊണ്ടല്ല പ്രകടമാക്കേണ്ടത്. അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല, മിസൈലുകള്‍ സ്വയം സംസാരിച്ചുകൊള്ളും” -സെലന്‍സ്‌കി വ്യക്തമാക്കി.

എന്നാല്‍, റഷ്യക്ക് അകത്ത് ആക്രമണം നടത്താന്‍ യുഎസ് ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന തീരുമാനം കനത്ത തിരിച്ചടി നല്‍കിയേക്കുമെന്നും യുഎസിന് ഭയമുണ്ട്. യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈന്യങ്ങളെ റഷ്യ നേരില്‍ ആക്രമിക്കുമോയെന്നാണ് ഭയം. റഷ്യക്ക് അകത്ത് ആക്രമണം നടത്താന്‍ യുഎസ്-യൂറോപ്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ റഷ്യക്കെതിരായ യുദ്ധമായി കാണുമെന്നാണ് സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞത്.

എന്താണ് എടിഎസിഎംഎസ് ?

ഖര ഇന്ധനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന മിസൈല്‍ സംവിധാനമാണ് എടിഎസിഎംഎസ്. സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവക്ക് കഴിയും. 230 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഇവയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. കൂടാതെ ചിതറിത്തെറിച്ച്‌ പൊട്ടുന്ന ക്ലസ്റ്റര്‍ ബോംബുകളും ചേര്‍ക്കാം. മുമ്ബ് പ്ലാന്‍ ചെയ്ത ലൊക്കേഷനില്‍ ഇവ കൃത്യമായി എത്തുകയും ചെയ്യും. 2024 തുടക്കത്തില്‍ ഈ മിസൈലുകള്‍ യുഎസ് യുക്രൈന് നല്‍കിയിരുന്നു. എന്നാല്‍, യുദ്ധമുന്നണിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *