സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം.കുറ്റപത്രത്തില്‍ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുളളത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് താന്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ബംഗാളി നടി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ പാലേരിമാണിക്യം സിനിമയുടെ ഓഡിഷന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ കലൂരിലെ ഫ്ളാറ്റില്‍ വെച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു നടി വെളിപ്പെടുത്തിയത്.