തിരുവനന്തപുരം നഗരസഭയില്‍ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കി കവാടത്തിന് മുകളില്‍.
നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പെട്രോളും കൊടി തോരണങ്ങളുമായാണ് പ്രതിഷേധിക്കുന്നത്. നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറിയിരിക്കുന്നത്.
നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പോയി ബോണ്ട് വെച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കാനാണ് മേയര്‍ നിലവില്‍ അറിയിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷന് മുന്നില്‍ ചര്‍ച്ച നടന്നെങ്കിലും വിജയമായില്ല. ചര്‍ച്ചയില്‍ വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ബാബു ജാതി അധിക്ഷേപം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു.
ഈ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. സിഐടിയു തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ പിന്തുണയിലാണ് സമരം നടക്കുന്നത്. ഫയര്‍ഫോഴ്സും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാനരീതിയില്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.