ജലഅതോറിറ്റിയുടെ ബോര്‍ഡുവെച്ച കാറില്‍ ചന്ദനക്കടത്ത്: ഏഴുപേര്‍ അറസ്റ്റില്‍

ജലഅതോറിറ്റിയുടെ ബോർഡുവെച്ച കാറില്‍ കടത്താൻ ശ്രമിച്ചതടക്കം 60 കിലോഗ്രാം ഭാരംവരുന്ന ചന്ദനമുട്ടികള്‍ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റുചെയ്തു. വനം ഇന്റലിജൻസ് സെല്ലിന്റെ (എഫ്.ഐ.സി.) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജിലൻസ് ഫ്ളയിങ് സ്ക്വാഡാണ് ചന്ദനം പിടികൂടിയത്.

മലാപ്പറമ്ബിലെ ജലഅതോറിറ്റി ഓഫീസ് മുറ്റത്തുവെച്ചാണ് 35 കിലോഗ്രാം ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയത്. അതോറിറ്റിക്കുവേണ്ടി കരാറടിസ്ഥാനത്തില്‍ ഓടിക്കുന്ന കാറില്‍ അതോറിറ്റിയുടെ ബോർഡ് ദുരുപയോഗംചെയ്താണ് ചന്ദനം കടത്തിയതെന്നാണ് പ്രാഥമികവിവരം. പന്തീരാങ്കാവ് സ്വദേശികളായ കാർ കരാറുകാരൻ എൻ. ശ്യാമപ്രസാദ്, വെള്ളൻപറമ്ബില്‍തൊടി സി.ടി. അനില്‍, പട്ടാമ്ബുറത്ത് മീത്തല്‍ പി.എം. മണി, നല്ലളം സ്വദേശിയും കാന്റീൻ നടത്തിപ്പുകാരനുമായ വാഹിദ് മൻസില്‍ നൗഫല്‍, ഒളവണ്ണ സ്വദേശി ഷാജുദ്ദീൻ എന്നിവരാണ് പിടിയിലായത്.

ഈ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരിക്കടുത്ത് കല്ലാനോട് കരിയാത്തുംപാറ ലക്ഷംവീട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചെത്തിയൊരുക്കിയ 25 കിലോ ചന്ദനം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി സ്വദേശി ടി.സി. അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ അറസ്റ്റുചെയ്തു. ഇവർ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള ചന്ദനത്തടികള്‍ ഉള്‍പ്പെടെ ഇവർ മുറിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുടരന്വേഷണത്തിനായി ചന്ദനത്തടികളും പ്രതികളെയും താമരശ്ശേരി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.

ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. പ്രശാന്ത്, എ. ആസിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. മുഹമ്മദ് അസ്ലം, എം. ദേവാനന്ദ്, കെ.വി. ശ്രീനാഥ്, എൻ. ലുബൈബ, ഇ.കെ. ശ്രീലേഷ് കുമാർ, ബി. പ്രബീഷ്, പി. ജിതേഷ്, ടി.കെ. ജിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് മലാപ്പറമ്ബില്‍ പ്രതികളെ പിടികൂടിയത്.

കക്കയം ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പി. ബഷീർ, ഉദ്യോഗസ്ഥരായ പി.ടി. ബിജു, മുഹമ്മദ് അസ്ലം, അഭിനന്ദ്, കെ. രജീഷ്, എച്ച്‌. ഹെന്ന എന്നിവരടങ്ങുന്ന സംഘമാണ് കല്ലാനോട് പരിശോധന നടത്തിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത് അറിയിച്ചു.

സംഭവത്തില്‍ ജലഅതോറിറ്റിക്ക് ബന്ധമില്ലെന്നും കാർ കരാറെടുത്തയാളും കാന്റീൻ നടത്തിപ്പുകാരനുമാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *