വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതി.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസല്‍ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു.
ഇത് പലപ്പോഴും തർക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. 2000-ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റല്‍ രേഖകള്‍ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. അസല്‍ രേഖകള്‍ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും പുതിയ ഉത്തരവിലുണ്ട്.വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റല്‍ രേഖകള്‍ കാണിക്കുമ്ബോള്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ വാഹൻ സാരഥി ഡേറ്റാ ബേസില്‍ ഇലക്ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകള്‍ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസല്‍ രേഖകള്‍ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്.
പ്രധാനരേഖകള്‍ എങ്ങനെ ഡിജി ലോക്കറുമായി ബന്ധപ്പെടുത്താം?
ഡ്രൈവിംഗ് ലൈസൻസുകള്‍, ആർസി ബുക്ക് തുടങ്ങിയവ ഡിജിറ്റല്‍ ഫോർമാറ്റില്‍ സൂക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഓണ്‍ലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഡിജി ലോക്കർ. ഉപയോക്താവിന് അവരുടെ സുപ്രധാന രേഖകള്‍ ഓണ്‍ലൈനായി ഉപയോഗിക്കാനും നിയന്ത്രിക്കാനും ഡിജി ലോക്കറിലൂടെ സാധിക്കും, രേഖകള്‍ ഡിജി ലോക്കറുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.
1. ഒരു ഡിജി ലോക്കർ അക്കൗണ്ട് ഉണ്ടാക്കുക. ഡിജി ലോക്കറിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ഫോണില്‍ ഡിജി ലോക്കർ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ അക്കൗണ്ട് നിർമിക്കാം.
2. അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാല്‍, നിങ്ങളുടെ യുസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. ശേഷം ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെത്തും.
3. ഡിജി ലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ ആധാർ” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്ബർ നല്‍കുക. രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ച് അത് ഉറപ്പുവരുത്തുക.
4. ഡിജി ലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ പാൻ” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പാൻ നമ്ബറും ജനനത്തീയതിയും നല്കാൻ നിങ്ങളോട് ആവശ്യപ്പെടും. വിശദാംശങ്ങള്‍ നല്കി കഴിഞ്ഞാല്‍, പാൻ കാർഡ് ലിങ്ക് ചെയ്യാൻ “സേവ്” ക്ലിക്ക് ചെയ്യുക.
5. പ്രധാന രേഖകള്‍ ഡിജി ലോക്കറില്‍ ബന്ധപ്പെടുത്താൻ നിങ്ങളുടെ അക്കൗണ്ടിന്റെ ഹോംപേജിലെ “അപ്ലോഡ്” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് പിഡിഎഫ്, ജെപിജി അല്ലെങ്കില്‍ പിഎൻജി ഫോർമാറ്റില്‍ രേഖകള്‍ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍, അവ നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടില്‍ സംരക്ഷിക്കപ്പെടും.