ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വയനാട്ടിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്ബാന്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്ബ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുക. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ വാദം കേള്‍ക്കലില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് കേന്ദ്രവും നിലപാട് അറിയിക്കേണ്ടി വരും.
വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചത്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്. വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ കൈയ്യില്‍ ആവശ്യത്തിന് ദുരന്തനിവാരണ ഫണ്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കത്ത് പറയുന്നത്.