വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകം; കേരളത്തെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി കെ രാജൻ

വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്.

കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

‘ഇത് കെ വി തോമസിനോടല്ല, കേരള സർക്കാരിനോടുമല്ല, മറിച്ച്‌ മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണ്. ഇത് അംഗീകരിക്കുക സാദ്ധ്യമല്ല.’ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍, ആശുപത്രിയില്‍ പോയി സന്ദർശിച്ച നൈസ എന്ന കുട്ടിയടക്കമുള്ളവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആലോചിക്കണമായിരുന്നു. ത്രിപുരയ്ക്ക് 40 കോടി കൊടുത്തു. ത്രിപുരയ്ക്ക് കൊടുത്തതുകൊണ്ട് നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കേരളത്തെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ ചട്ടങ്ങള്‍ പ്രകാരമാണിതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സംസ്ഥാന സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്.

കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്) നിയമപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. കേരളത്തിന്റെ പക്കല്‍ ഇതിന് ആവശ്യമായ പണമുണ്ടെന്നും ആഭ്യന്തര സഹമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടന്റ് ജനറല്‍ റിപ്പോർട്ട് പ്രകാരം കേരളത്തില്‍ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി ഏപ്രില്‍ ഒന്നിന് 394.99 കോടി രൂപ ഉണ്ടായിരുന്നു.

2024-25 സാമ്ബത്തിക വർഷത്തില്‍ ദുരന്തനിവാരണ ഇനത്തില്‍ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതവും 96.80കോടി സംസ്ഥാന വിഹിതവും) അനുവദിച്ചിരുന്നു. ഇതില്‍ ആദ്യഗഡു 145 കോടി ജൂലായ് 31നും രണ്ടാം ഗഡു 145.60 കോടി ഒക്‌ടോബർ ഒന്നിനും മുൻകൂറായി കൈമാറി. എൻ.ഡി.ആർ.എഫ് ചട്ട പ്രകാരം നല്‍കുന്ന സാമ്ബത്തിക സഹായം ദുരിതാശ്വാസമാണെന്നും നഷ്‌ടപരിഹാരമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *