പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ പേര് വ്യാജമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹായം നല്‍കിയത് ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ആറ് മാസം പോലും മണ്ഡലത്തില്‍ താമസിക്കാത്ത ആള്‍ക്ക് ബിജെപി മുനിസിപ്പിലിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സംവാദത്തിന് തയ്യാറെന്ന സരിന്റെ വെല്ലുവിളിയോടും വി ഡി സതീശന്‍ പ്രതികരിച്ചു. വിശ്വാസ്യതയില്ലാത്ത ആളുകളുമായി സംവാദത്തിനില്ല. വിശ്വാസ്യതയുള്ള സിപി ഐഎം നേതാക്കള്‍ വരട്ടെ. അപ്പോള്‍ ആലോചിക്കാമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
തിരുവില്വാമലക്കാരനായ സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേര്‍ത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോള്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. അഡീഷണല്‍ ലിസ്റ്റില്‍ അവസാനത്തെ വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും. ഇങ്ങോട്ട് ആരോപണം ഉന്നയിക്കുമ്ബോള്‍ നാല് വിരല്‍ സ്വന്തം നെഞ്ചത്തേക്ക് ആണെന്ന് സിപിഐഎം ആലോചിക്കണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജമായാണ്. സിപിഐഎം ജില്ലാ സെക്രട്ടറി ആദ്യം പോയി സ്ഥാനാര്‍ത്ഥിയെയും ഭാര്യയെയും തടയട്ടെ. ആറ് മാസം തുടര്‍ച്ചയായി താമസിച്ചതിന്റെ റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ വോട്ട് ചേര്‍ക്കാനാവൂ. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആറ് മാസം തുടര്‍ച്ചയായി പാലക്കാട്ട് താമസിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുമെന്ന് കണ്ടപ്പോഴാണ് സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ഇവിടെ അടുത്തിടെ വാടക വീട് എടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.