പവിഴദ്വീപിന്റെ ആകാശത്ത് സാഹസിക പ്രപഞ്ചം

 പവിഴദ്വീപിന്റെ ആകാശത്ത് മരതക മഴ പെയ്യിച്ചുകൊണ്ട് ഏവരും കാത്തിരുന്ന ഇന്റർനാഷനല്‍ എയർഷോക്ക് തുടക്കം.

ഹമദ് രാജാവിനെ പ്രതിനിധീകരിച്ച്‌, ഡെപ്യൂട്ടി കിങ്, പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ എയർഷോ സാഖീർ എയർ ബേസില്‍ ഉദ്ഘാടനം ചെയ്തു.

2010 മുതല്‍ കഴിഞ്ഞ 14 വർഷമായി ഗംഭീരമായി നടന്നുവരുന്ന ബഹ്‌റൈൻ ഇന്ററർനാഷനല്‍ എയർഷോ രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തില്‍ ഉയർത്തുന്നതാണ്.

എയർഷോ വീക്ഷിക്കാനെത്തുന്ന കിരീടാവകാശി പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ

എയർഷോയുടെ വിജയം ആഗോള വ്യോമയാന വ്യവസായത്തിലെ ഒരു പ്രധാന പ്ലാറ്റ്‌ഫോമായി രാജ്യത്തെ മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ഇന്റർനാഷനല്‍ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘാടനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

എയർഷോയോടനുബന്ധിച്ച്‌ നടക്കുന്ന എക്സിബിഷനില്‍ വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ സന്ദർശിക്കുകയും സൈനിക, സിവില്‍ ഏവിയേഷൻ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

പങ്കെടുത്ത വ്യോമയാന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ പവിലിയൻ അദ്ദേഹം സന്ദർശിച്ചു. സൗദി അറേബ്യയില്‍ നിന്നുള്ള സൗദി ഹോക്‌സ് ടീമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *