ബ്രസീല്‍ ഫുട്‌ബോള്‍ ഒന്നാം ഡിവിഷനിലേക്ക് മടങ്ങിയെത്തി സാന്റോസ് ക്ലബ്. കാനറികളുടെ ഇതിഹാസ താരം പെലെയും സൂപ്പർ താരം നെയ്മറും കളിച്ചുവളർന്ന ക്ലബ് കഴിഞ്ഞ സീസണില്‍ സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.
എന്നാല്‍ ശക്തമായ പോരാട്ടം നടത്തിയ സാന്റോസ് രണ്ടാം ഡിവിഷനില്‍ ഒന്നാം സ്ഥാനക്കാരായാണ് കംബാക്ക് നടത്തിയത്. കഴിഞ്ഞ ദിവസം സീരി ബി യില്‍ കോർട്ടിബയെ കീഴടക്കിയതോടെയാണ് ടീം സ്ഥാനമുറപ്പിച്ചത്. 36 കളിയില്‍ 68 പോയന്റുമായാണ് സാന്റോസ് ഒന്നാമതെത്തിയത്. ബ്രസീല്‍ പരിശീലകൻ ഫാബിയോ കാരില്ലെയുടെ കീഴിലാണ് ടീം കളിക്കുന്നത്.
മുൻ താരം നെയ്മറിനെ സൗദി ക്ലബ് അല്‍-ഹിലാലില്‍ നിന്ന് തിരികെയെത്തിക്കാൻ പദ്ധതിയുണ്ടെന്ന് സാന്റോസ് പ്രസിഡന്റ് മാർസെലോ ടെയിക്‌സിറ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഒന്നാം ഡിവിഷനിലേക്ക് മടങ്ങിയെത്തിയതോടെ ഈ നീക്കം കൂടുതല്‍ സജീവമാക്കാനും ക്ലബിന് സാധിക്കും. 2011ല്‍ കൗമാരക്കാരൻ നെയ്മർ സാന്റോസിനായി പന്തു തട്ടിയപ്പോള്‍ മിന്നും പ്രകടനമാണ് ടീം നടത്തിയത്. തുടർന്ന് 2013ലാണ് സൂപ്പർ താരം ബ്രസീലില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. 1912ല്‍ സ്ഥാപിതമായ സാന്റോസ് ബ്രസീല്‍ സീരി എയില്‍ എട്ടുതവണ ചാമ്ബ്യൻമാരായിട്ടുണ്ട്.