സുന്ദരിയായി മണ്‍പിലാവ് വെള്ളച്ചാട്ടം

ചിറ്റാർ മണ്‍പിലാവ് പാലരുവി വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. ടൂറിസം ഭൂപടത്തില്‍ ഇടംതേടാൻ തക്ക സൗന്ദര്യമാണ് മണ്‍പിലാവ് പാലരുവി വെള്ളച്ചാട്ടത്തിനുള്ളത്.

ചിറ്റാർ പഞ്ചായത്തിന്റെ ഒമ്ബതാം വാർഡിലെ മണ്‍പിലാവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉള്‍വനത്തില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം 100 അടിയോളം ഉയരത്തില്‍നിന്ന് പതിച്ചാണ് ഒഴുകുന്നത്.

വെള്ളം വീഴുന്ന സ്ഥലത്തിനു ചുറ്റും ഏകദേശം അഞ്ച് അടിയോളം താഴ്ച വരും. ഇവിടെ നിന്ന് സുരക്ഷിതമായി കുളിക്കാൻ കഴിയുന്നതിനാല്‍ ഒട്ടേറെ ആളുകളാണ് വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി എത്തുന്നത്. തണ്ണിത്തോട്-ചിറ്റാർ റോഡില്‍ നീലിപിലാവ് തപാല്‍ ജങ്ഷനില്‍നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനു സമീപം എത്താം. ചിറ്റാറില്‍നിന്ന് വയ്യാറ്റുപുഴ വഴിയാണെങ്കില്‍ അഞ്ച് കിലോമീറ്റർ സഞ്ചരിക്കണം.

റോഡില്‍നിന്ന് സ്വകാര്യ സ്ഥലത്തുകൂടി ചുറ്റി 400 മീറ്ററോളം നടന്ന് വേണം വെള്ളച്ചാട്ടത്തിന്റെ അടിവാരത്തില്‍ എത്താൻ. ഏറെ വികസന സാധ്യതകള്‍ നിറഞ്ഞ ഈ പ്രദേശത്ത് വിവിധ ടൂറിസം പദ്ധതികളെപ്പറ്റി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആലോചന നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *