പോളിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല, കെ.സി വേണുഗോപാല്‍

 വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

ഭൂരിപക്ഷത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനില്ല, ഏതുപാർട്ടിയുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ന് മനസിലാകും, കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകള്‍ പോള്‍ ചെയ‌്തെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന വിലയിരുത്തലില്‍ നിന്നും പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പോളിംഗ് ശതമാനം ഒരു കാരണവശാലും ബാധിക്കില്ല. നല്ല ഭൂരിപക്ഷത്തോടെ പ്രിയങ്കാ ഗാന്ധി വിജയിക്കും. ആരുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ാം തീയതി വ്യക്തമായിട്ട് മനസിലാകും. ഏതു പാർട്ടിക്കാരോടാണ് വോട്ട് ചെയ്യാൻ ജനങ്ങള്‍ക്ക് വിമുഖത എന്ന് അന്ന് അറിയാൻ സാധിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലോക് സഭാ മണ്ഡലത്തിലും പോരാട്ടം കനത്ത ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞുത് മൂന്ന് മുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ്. കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു. കുറഞ്ഞത് 8.2 ശതമാനം. 2019ല്‍ 80.33 ശതമാനമായിരുന്നു. ചേലക്കരയില്‍ 72.77 ശതമാനമാണ് പോളിംഗ്. 2021ലെ തിരഞ്ഞെടുപ്പില്‍നിന്ന് നാലര ശതമാനത്തോളം കുറഞ്ഞു. അന്ന് 77.40 ശതമാനം ആയിരുന്നു.

പോളിംഗ് കുറഞ്ഞത് വിജയത്തെ എങ്ങനെ ബാധിക്കുമെന്ന അങ്കലാപ്പിലാണ് മുന്നണികള്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങിയത് പോളിംഗ് വർദ്ധിപ്പിക്കുമെന്നാണ് മാദ്ധ്യമങ്ങള്‍ അടക്കം കണക്കുകൂട്ടിയത്.വോട്ട് ചെയ്യാൻ എത്തിയവരില്‍ ചെറുപ്പക്കാർ കുറവായിരുന്നു.രാഹുല്‍ ഗാന്ധിയെയും മറികടന്ന്, പ്രിയങ്ക അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. വയനാട് മണ്ഡലത്തിലെ ‌ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം മന്ദഗതിയിലായിരുന്നു. ചേലക്കരയില്‍ രാവിലെ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. ഉച്ച കഴിഞ്ഞതോടെ മന്ദഗതിയിലായി.

Leave a Reply

Your email address will not be published. Required fields are marked *