സിറിയയില്‍ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ് സൈന്യം.
സിറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്. യുഎസ് സെൻട്രല്‍ കമാൻഡ് ആണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന് ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇറാൻ അനുകൂല തീവ്രവാദ സംഘടനകള്‍ ഇറാഖിലും സിറിയയിലുമുള്ള യുഎസ് സേനയെ തുടർച്ചയായി ലക്ഷ്യമിടാറുണ്ട്.
തീവ്രവാദികളുടെ ആയുധ സംഭരണ ശാലകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദികള്‍ തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ സൈനികർക്ക് പരിക്ക് പറ്റിയില്ലെന്നും, സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും സെൻട്രല്‍ കമാൻഡ് കൂട്ടിച്ചേർത്തു. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന് നേരെ ഭീകരർ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസ് ഭീകരരെ ചെറുക്കുന്നതിന് വേണ്ടി 2014 മുതലാണ് സിറയയില്‍ യുഎസ് സൈന്യം നിലയുറപ്പിച്ചത്. സിറിയയില്‍ 900 സൈനികരും ഇറാഖില്‍ 2500 സൈനികരുമാണുള്ളത്.