പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പൊന്നാനി പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ സി ഐ വിനോദ് വലിയാറ്റൂർ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിനോദിനു പുറമേ മലപ്പുറം മുൻ എസ് പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി എന്നിവർക്കെതിരേയാണ് വീട്ടമ്മ ബലാത്സംഗ പരാതി ഉന്നയിച്ചത്.
2022-ലെ സംഭവത്തില്‍ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നല്കിയ ഹർജിയില്‍ നേരത്തേ സിംഗിള്‍ ബെഞ്ച് മജിസ്ട്രേറ്റിനോട് അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്റെ റിപ്പോർട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരേയാണ് സിഐ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.