ജാർഖണ്ഡ് നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മോക്ക് പോള്‍ രാവിലെ 5.30 ന് നടന്നതിന് ശേഷം കൃത്യം രാവിലെ 7 മണിക്ക് തന്നെ പോളിങ് ആരംഭിക്കുകയും ചെയ്തു.
പ്രശ്ന ബാധിത ബൂത്തുകളില്‍ വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും. ആകെ 81 അംഗ സംസ്ഥാന നിയമസഭ സീറ്റുകളില്‍ 43 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഈ മാസം 20 നാണ് ജനവിധി. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളില്‍ 17 എണ്ണം ജനറല്‍ സീറ്റുകളും 26 എണ്ണം പട്ടികവർഗ്ഗ-പട്ടികജാതി സംവരണ മണ്ഡലങ്ങളുമാണ്.
31 നിയോജക മണ്ഡലങ്ങളിലായി 950 പോളിംഗ് ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ആദ്യഘട്ടത്തില്‍ 43 സീറ്റുകളിലേക്ക് 73 വനിതകള്‍ ഉള്‍പ്പെടെ 638 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച 30 സീറ്റുകളും ബി ജെ പി 25 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും നേടിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ എം എം, കോണ്‍ഗ്രസ്, ആർ ജെ ഡി എന്നിവരുടെ സഖ്യം സർക്കാർ രൂപീകരിച്ച് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ജാർഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളില്‍ 9 ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചപ്പോള്‍, ജെ എം എമ്മിനും സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ആകെ അഞ്ച് സീറ്റിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ജെ എം എ – 3, കോണ്‍ഗ്രസ് – 2 എന്നിങ്ങനെയായിരുന്നു ഇന്ത്യ സഖ്യത്തിലെ സീറ്റ് നില.
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പ്രധാനപ്പെട്ട 25 വാഗ്ധാനങ്ങള്‍ നല്‍കികൊണ്ടാണ് എന്‍ ഡി എ നിയമസഭ തിരഞ്ഞെടുപ്പിനെ നേടിരുന്നത്. ബംഗ്ലാദേശില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന നുഴഞ്ഞുകയറ്റക്കാരെ തടയും എന്നത് അടക്കമുള്ളതാണ് എന്‍ ഡി എയുടെ വാഗ്ദാനം. യൂണിഫോം സിവില്‍ കോഡ് (യു സി സി) നടപ്പാക്കുമ്ബോള്‍ ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ബി ജെ പി ഉറപ്പ് നല്കുന്നു.
സർക്കാർ ജോലികളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം എന്നതാണ് ഭരണകക്ഷിയായ ജെ എം എമ്മിന്റെ പ്രധാന വാഗ്ധാനം. കൂടാതെ വിദ്യാഭ്യാസം, കൃഷി, ആദിവാസി അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ ഒമ്ബത് മേഖലകളില്‍ പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 250 യൂണിറ്റ് സൗജന്യ വൈദ്യുതി, ജാതി അടിസ്ഥാനത്തിലുള്ള സെൻസസ്, ഒരു വർഷത്തിനകം ഒഴിവുള്ള സർക്കാർ തസ്തികകള്‍ നികത്തല്‍ എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം ചെയ്തു. ആർ ജെ ഡിയും സി പി ഐ (എം എല്‍)ഉം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നുണ്ട്.