കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു.
ഇന്ന് മുതല്‍ മൂന്ന് നാള് കാല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടര്‍ന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക.
നവംബര്‍ ഏഴിനായിരുന്നു കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തില്‍ വൈകീട്ടാണ് ദേവരഥസംഗമം. നവംബര്‍ 16ന് രാവിലെ കൊടിയിറങ്ങും.
പാലക്കാട് ജില്ലയിലെ കല്‍പ്പാത്തിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോത്സവം. ഭാതരപ്പുഴയുടെ പോഷകനദിയായ കല്‍പ്പാത്തിപ്പുഴയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ശിവപാര്‍വ്വതി ക്ഷേത്രമാണ് കല്‍പ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപത്തുള്ള ക്ഷേത്രങ്ങളുമായി ചേര്‍ന്നാണ് ഇത് നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് കല്‍പ്പാത്തി രഥോത്സവത്തില്‍ പങ്കെടുക്കുന്നത്.