വടക്കൻ ഗസ്സയില്‍ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരണം. ജബാലിയയില്‍ ഹമാസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു വിവരം.
20, 21 വയസ് പ്രായമുള്ള സൈനികരാണു കൊല്ലപ്പെട്ടത്. സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ്(20), നാവി യായിർ അസൂലിൻ(21), ഗാരി ലാല്‍ഹുറൂയ്കിമ സൊലാറ്റ്(21), ഒഫിർ എലിയാഹു(20) എന്നിവർക്കാണു ജീവൻ നഷ്ടമായതെന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു. 92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡില്‍ അംഗങ്ങളാണ് ഇവരെല്ലാം. ജബാലിയയില്‍ ടാങ്ക് വേധ മിസൈല്‍ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഗസ്സയില്‍ ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 375 ആയി. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന കരയാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടവരാണ് ഇത്രയും പേർ. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ വടക്കൻ ഗസ്സയില്‍ ഉള്‍പ്പെടെ നിരവധി യുവസൈനികരാണു കൊല്ലപ്പെട്ടത്.
വടക്കൻ ഗസ്സയില്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടും നൂറുകണക്കിന് ഹമാസ് പോരാളികളാണ് മേഖലയിലുള്ളതെന്ന് ‘യെദിയോത്ത് അക്രൊനോത്ത്’ റിപ്പോർട്ട് ചെയ്തു.
അതിനിടെ, വടക്കൻ ഇസ്രായേലില്‍ ഹിസ്ബുല്ല വ്യോമാക്രമണം തുടരുകയാണ്. ഹൈഫയിലും സമീപപ്രദേശങ്ങിലൂടെയും ഹിസ്ബുല്ല യുദ്ധവിമാനങ്ങളും ഡ്രോണുകളും പറക്കുന്നതായുള്ള അപായസൈറണ്‍ ലഭിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര ഗലീലിയിലും പടിഞ്ഞാറൻ ഗലീലിയിലും ഏക്രയിലുമെല്ലാം അപായ മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ലബനാനില്‍നിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.