ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോണ്‍ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ.
കാനഡയില്‍ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മസ്ക് മറുപടി നല്‍കിയിരുന്നു.
ട്രൂഡോയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകള്‍ മസ്ക് പങ്കുവെയ്ക്കുകയും പലതിനും മറുപടി നല്‍കുകയും ചെയ്തിരുന്നു. ട്രൂഡോയെ ആരും ബഹുമാനിക്കുന്നില്ലെന്ന് ഒരു ഇന്ത്യൻ എക്സ് ഉപയോക്താവ് കുറിച്ചു. തങ്ങള്‍ പൂർണമായും മസ്കിനോട് യോജിക്കുന്നു. ഖലിസ്താനി തീവ്രവാദികള്‍ പ്രവർത്തിപ്പിക്കുന്ന വോക്ക് വൈറസ് ആണ് ട്രൂഡോയെന്നും അദ്ദേഹം എക്സില്‍ എഴുതി.
ട്രൂഡോ ഒരു ദുരന്തമാണെന്നായിരുന്നു എക്സ് ഉപയോക്താവ് ഉദയൻ മുഖർജിയുടെ അഭിപ്രായം. അടുത്ത വർഷം മസ്കിന്റെ വാക്കുകള്‍ യാഥാർഥ്യമാകുമെന്ന് കരുതുന്നു എന്നിങ്ങനെ പോകുന്നു വിമർശനങ്ങള്‍.
2025 ഒക്ടോബർ 20നാണ് കാനഡയിലെ പൊതുതിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് ട്രൂഡോ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ഇതിനിടെ ഖലിസ്ഥാൻവാദികളെച്ചൊല്ലി ഇന്ത്യ – കാനഡ ബന്ധം ഉലഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലുള്ള പിയറി പൊയിലീവർ നയിക്കുന്ന കണ്‍സർവേറ്റീവ് പാർട്ടിയും ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു പാർട്ടികളും ശക്തമായിത്തന്നെ ട്രൂഡോയുടെ ലിബറല്‍ പാർട്ടിക്കെതിരേ നിലയുറപ്പിച്ചിട്ടുണ്ട്.