ക്യൂബയില്‍ ശക്തമായ ഭൂചലനം. സാൻ്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിൻ എന്നീ പ്രദേശങ്ങളിലാണ് തുടർ ഭൂചലനങ്ങളുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടാവുകയും ചുവരുകള്‍ തകരുകയും ചെയ്തു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയതെന്നും വീടിന്റെ ചുമരില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍ പ്രദേശത്തെ വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടു. കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് ക്യൂബയില്‍ റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസവും ക്യൂബയിലെ നിരവധി മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വിവിധയിടങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറ് പേരാണ് മരിച്ചത്.