അനന്തമായ നീളുന്ന പാലം പണി ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. തൃക്കുന്നപ്പുഴ ചീപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി 2017ല്‍ ആരംഭിച്ച പാലത്തിന്‍റെ പുനർനിർമാണമാണ് ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ചു മുന്നോട്ട് പോകുന്നത്.
പാലം പണി പൂർത്തീകരിക്കുന്നതിന് അധികാരികള്‍ നല്‍കിയ അവസാന ഉറപ്പിന്റെ കാലാവധി പകുതി സമയം പിന്നിടുമ്ബോഴും നിർമാണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
2017 ജൂണില്‍ കേന്ദ്ര സർക്കാറിന്‍റെ ഉള്‍നാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും സംയുക്തമായാണ് തൃക്കുന്നപ്പുഴ ചീപ്പിന്‍റെ ലോക്കിനും പാലത്തിനുമായി 38 കോടി രൂപ അനുവദിച്ചത്. 34.12 കോടി രൂപക്ക് ചീരൻസ് കണ്‍സ്ട്രക്ഷൻ 2018 ആഗസ്റ്റില്‍ കരാർ ഏറ്റെടുത്തു. ഒന്നര വർഷമായിരുന്നു നിർമാണ കാലയളവ്. കരാർ പ്രകാരം 2020 ഫെബ്രുവരി ഒമ്ബതിനാണ് പണി പൂർത്തീകരിക്കേണ്ടിയിരുന്നത്. കോവിഡിന്റെ പേരില്‍ നിർമാണം നിലച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കാലയളവ് നീട്ടി നല്‍കുകയും എസ്റ്റിമേറ്റ് തുക 41 കോടിയായി വർധിപ്പിക്കുകയും ചെയ്തു. അതു പ്രകാരം 2022 മാർച്ചിലാണ് പണി പൂർത്തീകരിക്കേണ്ടത്.
ഷട്ടർ ലോക്കിന്‍റെ നാല് തൂണുകളുടെ നിർമാണം മാത്രമാണ് ഈ കാലയളവില്‍ പൂർത്തീകരിച്ചത്. പഴയ പാലം നിലനിർത്തിക്കൊണ്ട് ജനങ്ങളുടെ ഗതാഗതത്തെ ബാധിക്കാത്ത പ്രവർത്തനങ്ങളായിരുന്നു അതുവരെ നടന്നുവന്നത്. എന്നാല്‍ നിർമാണം വീണ്ടും ഇഴഞ്ഞ് നീങ്ങിയതിനെ തുടർന്ന് 2022 ഒക്ടോബറില്‍ കലക്ടറുടെയും രമേശ് ചെന്നിത്തല എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ വിളിച്ചു ചേർത്ത യോഗത്തില്‍ 2023 ജനുവരിയില്‍ നിലവിലെ പാലം പൊളിച്ച് ഡിസംബറില്‍ പണി പൂർത്തീകരിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും അതും പാലിച്ചില്ല.
ഉറപ്പുകള്‍ ഒന്നും പാലിക്കാതെ ഒച്ചിഴയുന്ന വേഗത്തില്‍ പുരോഗമിക്കുന്ന പാലം നിർമാണത്തിന്റെ തുടർ പണികള്‍ക്കായി നിലവിലെ പാലം പൊളിക്കാൻ ഒരുങ്ങിയതോടെ ഗതാഗത പ്രശ്നം ഉയർത്തിക്കൊണ്ട് പ്രതിഷേധവുമായി ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വന്നു. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ ഗതാഗതത്തിനായി ജങ്കാർ സർവീസ് ഏർപ്പെടുത്തിയെങ്കിലും തിരക്കുള്ള റൂട്ടില്‍ അത് അപര്യാപ്തമായതോടെ താല്‍ക്കാലിക പാലം വേണമെന്നായിരുന്നു തീരവാസികളുടെ ആവശ്യം.
തുടർന്ന് 20 ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് 12 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലും ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാർക്കും മറുകര കടക്കാൻ വേണ്ടി ഇരുമ്ബുപാലം നിർമിച്ചു.
ഒരു തൂണു പോലും ഉയർന്നില്ല
പഴയപാലം പൊളിച്ചു കഴിഞ്ഞാല്‍ ഒരു വർഷത്തിനുള്ളില്‍ നിർമാണം പൂർത്തിയാകുമെന്ന ഉറപ്പാണ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറുകാർ നല്‍കിയത്.
2024 മേയില്‍ പാലം പൊളിച്ചെങ്കിലും തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങള്‍ക്ക് കാര്യമായ വേഗത ഇനിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. നാളിതുവരെ പുതുതായി ഒരു തൂണും അവിടെ ഉയർന്നിട്ടില്ല. പൈലിങ് പോലും ഇനിയും പൂർത്തിയായിട്ടില്ല. സെപ്റ്റംബറില്‍ പൈലിങ് പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ.
സർക്കാർ ഖജനാവിന് ഉണ്ടാകുന്നത് ഭീമമായ നഷ്ടം
പാലം പണി ഓരോ ദിവസവും വൈകുന്തോറും സർക്കാർ ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പ്രതിമാസം 13 ലക്ഷം രൂപയ്ക്കാണ് ജങ്കാർ സർവീസ് നടത്തുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ജങ്കാർ ആരംഭിച്ചത്. രണ്ടുകോടിയോളം രൂപ ജങ്കാർ വാടക ഇനത്തില്‍ ചെലവായി. രാത്രി ഒമ്ബത് മണി വരെ മാത്രമാണ് ജങ്കാറിന്റെ സേവനം ലഭ്യമാകുന്നത്. ഇതുമൂലം അടിയന്തരഘട്ടങ്ങളില്‍ ജനങ്ങള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. നിർമാണം നീണ്ടു പോയാല്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതവും നീണ്ടുപോകും. താല്‍ക്കാലികമായി ഇടത്തരം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു പാലം നിർമിച്ചിരുന്നെങ്കില്‍ ഇത്രയും തുക വേണ്ടി വരുമായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജങ്കാർ സർവീസ് എന്ന് അവസാനിപ്പിക്കാൻ പറ്റും എന്ന കാര്യത്തിലും ഉറപ്പില്ല.
പണി വൈകിപ്പിക്കുന്നതിന് പിന്നില്‍ കരാർ- ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന്
പാലം പണി വൈകിപ്പിക്കുന്നതിന് പിന്നില്‍ കരാർ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് ആണെന്ന് പ്രദേശത്തെ സി.പി.എം. നേതാക്കള്‍ തന്നെ പരസ്യമായി ആരോപിക്കുന്നു. ഭരണകക്ഷിക്ക് എതിരെ ജനരോഷം ഉയരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുവരെയുള്ള അനുഭവം വെച്ച് പാലത്തിന്‍റെ പണി നീണ്ടുപോകും എന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. തിരക്കേറിയ തൃക്കുന്നപ്പുഴ – മാവേലിക്കര പാതയിലാണ് പാലമുള്ളത്. തൃക്കുന്നപ്പുഴ ആറാട്ടുപുഴ നിവാസികള്‍ക്ക് ദേശീയപാതയിലും മറ്റ്പ്രധാന ഇടങ്ങളിലും വേഗത്തില്‍ എത്തുന്നതിനുള്ള ഏക മാർഗമാണിത്. നിർമാണം നീണ്ടു പോയാല്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതവും നീണ്ടുപോകും.
പൈലിങ് ഏതാണ്ട് പൂർത്തിയായെന്നും ഭൂമിക്ക് മുകളിലേക്കുള്ള നിർമാണം തുടങ്ങിയെന്നും കരാർ ഏറ്റെടുത്തിരിക്കുന്ന ചീരൻ കണ്‍സ്ട്രക്ഷൻ അധികൃതർ പറഞ്ഞു. പഴയ നിർമാണ പ്രവർത്തനങ്ങള്‍ പൊളിച്ചുമാറ്റിയുള്ള പൈലിങ് ആയതിനാലാണ് കാലതാമസം എടുത്തതെന്നും ശേഷിക്കുന്ന പണികള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പരമാവധി പൂർത്തീകരിക്കുമെന്നും അവർ അറിയിച്ചു. എന്നാല്‍ നിർമാണം വൈകുന്നതില്‍ പ്രതിഷേധിച്ച് വീണ്ടും ജനരോഷം ഉയർത്താനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം