ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടിയില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിലവിലെ പ്രശ്നത്തില്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. കൃത്യമായ നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഐഎഎസ് തലപ്പത്തെ തർക്കത്തില്‍ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പാലിക്കേണ്ട ചില ചട്ടങ്ങളും രീതികളുമുണ്ട്. അത് പാലിച്ചില്ലെങ്കില്‍ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടികവിഭാഗക്കാരുടെ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ രൂപീകരിച്ച ശാക്തീകരണ സൊസൈറ്റിയായ ‘ഉന്നതി’യിലെ ചില ഫയലുകള്‍ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതിനുപിന്നാലെയായിരുന്നു ഐഎഎസ് തലപ്പത്തെ തമ്മിലടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെ ‘ചിത്തരോഗി’ എന്നു വിളിച്ച് എൻ.പ്രശാന്ത് ഐഎഎസ് അധിക്ഷേപിച്ചിരുന്നു. താൻ നിർദേശിക്കുന്നത് പോലെ ഫയല്‍ നോട്ട് എഴുതാൻ വിസമ്മതിച്ച നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ഡോ.ജയതിലക് നശിപ്പിച്ചുണ്ടെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
എൻ.പ്രശാന്തിന്റെ ഉദ്യോഗസ്ഥതല വീഴ്ചകള്‍ സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതര വീഴ്ചകള്‍ റിപ്പോർട്ടില്‍ ഉണ്ടെന്നാണ് സൂചന. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് കണ്ട ശേഷം പ്രശാന്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം, സമൂഹമാധ്യമത്തിലൂടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ വിമർശിച്ചത് സർവീസ് ചട്ടലംഘനമാണെന്നും നടപടി കാര്യം മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നുമാണ് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്.