സ്ത്രീകള്‍ക്ക് മാസം 3000 രൂപ, സൗജന്യ ബസ് യാത്ര, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; വമ്ബന്‍ വാഗ്ദാനങ്ങളുമായി മഹാ വികാസ് അഘാഡി പ്രകടന പത്രിക

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി മുന്നണിയായ മഹാ വികാസ് അഘാഡിയുടെ പ്രകടന പത്രിക.

മഹാരാഷ്ട്രനാമ’ എന്ന പേരിലുള്ള പ്രകടനപത്രികയില്‍, ജാതി സെന്‍സസ്, മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം, സൗജന്യ ബസ് യാത്ര, വര്‍ഷം 500 രൂപ നിരക്കില്‍ ആറ് പാചക വാതക സിലിണ്ടറുകള്‍ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്.

മുംബൈയില്‍ എന്‍സിപി (ശരദ് പവാര്‍) വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, ശിവസേന (ഉദ്ധവ് താക്കറെ) എംപി സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കും. മഹാരാഷ്ട്രയുടെ മഹത്വം തിരിച്ചുകൊണ്ടുവരും, പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.

‘നിര്‍ഭയ് മഹാരാഷ്ട്ര’ നയം രൂപീകരിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശക്തി നിയമം നടപ്പിലാക്കും. ശിശുക്ഷേമത്തിനായി മന്ത്രാലയം രൂപീകരിക്കും. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുമ്ബോള്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രകടന പത്രിക പറയുന്നു. 9 നും 16 നും ഇടയില്‍ പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനുകള്‍ നല്‍കും. ആര്‍ത്തവ സമയത്ത് വനിതാ ജീവനക്കാര്‍ക്ക് രണ്ട് ഓപ്ഷണല്‍ അവധി ദിനങ്ങള്‍ അനുവദിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സംസ്ഥാനത്തെ കര്‍ഷകരുടെ 3 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളലിന് പുറമെ സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് 50,000 രൂപ ഇന്‍സെന്റീവും നല്‍കും. നിലവിലുള്ള പദ്ധതികള്‍ പുനരവലോകനം ചെയ്യും. കര്‍ഷക ആത്മഹത്യ ബാധിച്ച കുടുംബങ്ങളിലെ വിധവകള്‍ക്കും കുട്ടികള്‍ക്കും സഹായം ഉറപ്പാക്കും. സംസ്ഥാനത്ത് മഹാവികാസ് അഘാഡി സഖ്യം അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുള്ള 100 ദിന കര്‍മ പദ്ധതിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 നാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *