കൊച്ചി, കാക്കനാട് ചിറ്റേത്തുകര, രാജഗിരിവാലി മേഖലകളില്‍ രൂക്ഷ ഗന്ധം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്വസിച്ചാല്‍ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടത്.
അപ്രതീക്ഷിതമായി പ്രദേശത്ത് അനുഭവപ്പെട്ട രൂക്ഷ ഗന്ധം ജനങ്ങളില്‍ പരിഭ്രാന്തിയും പരത്തി. ഏതെങ്കിലും തരത്തിലുള്ള രാസപദാർത്ഥം ചോർന്നതായിരിക്കാം എന്നാണ് നാട്ടുകാർ പറയുന്നത്. ചിലർക്കു കണ്ണെരിച്ചിലും അതുപോലെ തന്നെ കണ്ണില്‍ നിന്ന് വെള്ളമൊഴുകുന്നതായും അനുഭവപ്പെട്ടു. ചിറ്റേത്തുകര വാട്ടർ മെട്രോ ബോട്ട് ജെട്ടി പരിസരങ്ങളിലാണ് കൂടുതല്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതെന്ന പരാതിയെ തുടർന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടാതെ, ഇൻഫോപാർക്ക് പൊലീസും തൃക്കാക്കര പൊലീസും ഇവിടങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും രാത്രി വൈകിയും ഗന്ധത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ അമ്ബലമുകളിലേതുള്‍പ്പെടെയുള്ള കമ്ബനികളിലും പരിശോധനകളുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് അറിവ്. തുടർന്ന് റോഡിലൂടെ കടന്നുപോയതും പാർക്ക് ചെയ്തിരുന്നതുമായ പെട്രോളിയം ടാങ്കറുകളും പൊലീസ് പരിശോധിച്ചു. എന്നാല്‍ ഉറവിടം കണ്ടെത്താനായില്ല.