ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകമെമ്ബാടും ആരാധകരെ നേടിയെടുത്ത സംവിധായകനാണ് എസ് എസ് രാജമൗലി. എന്നാല്‍ ഈ സിനിമ നിർമ്മിക്കാൻ തനിക്ക് പ്രചോദനമായത് നടൻ സൂര്യ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജമൗലിയിപ്പോള്‍.
വ്യാഴാഴ്ച ഹൈദരാബാദില്‍ വച്ചു നടന്ന സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ പ്രീ-റിലീസ് ചടങ്ങില്‍ വച്ചായിരുന്നു രാജമൗലിയുടെ തുറന്നു പറച്ചില്‍.
“ഈ വിഡിയോയില്‍ കാണിച്ചതു പോലെ ഞാൻ പാൻ – ഇന്ത്യ ട്രെൻഡ് തുടങ്ങി. എങ്കിലും ഞാൻ തുറന്നു പറയട്ടെ, തെലുങ്ക് സിനിമയെ ആന്ധ്രയുടെയും തെലങ്കാനയുടെയും പുറത്തേക്ക് കൊണ്ടുപോകാൻ എനിക്ക് പ്രചോദനമായത് സൂര്യയാണ്. ഗജിനിയുടെ സമയത്ത് സൂര്യ ആ സിനിമയെ പ്രൊമോട്ട് ചെയ്ത വിധം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.
സൂര്യ ഇവിടെ വന്ന് തൻ്റെ സിനിമകള്‍ പ്രൊമോട്ട് ചെയ്യുമായിരുന്നു. അത് ഒരു കേസ് സ്റ്റഡി പോലെ ഞാൻ നിർമാതാക്കളോടും നടൻമാരോടുമൊക്കെ പറയുമായിരുന്നു. സൂര്യ എങ്ങനെയാണോ ഇവിടെ വന്ന് ഗജിനി പ്രൊമോഷൻ ചെയ്തത് അതുപോലെ നമ്മളും മറ്റു സ്ഥലങ്ങളില്‍ പോയി സിനിമയെ പ്രൊമോഷൻ ചെയ്യണം, തമിഴ് പ്രേക്ഷകരുടെ സ്നേഹം നേടണമെന്നൊക്കെ ഞാൻ പറയുമായിരുന്നു. സൂര്യ, പാൻ ഇന്ത്യൻ ഫിലിം മാർക്കറ്റില്‍ എൻ്റെ പ്രചോദനം നിങ്ങളാണ്.
ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ പ്രവർത്തിക്കേണ്ടതായിരുന്നു, പക്ഷേ അത് നടന്നില്ല. അദ്ദേഹവുമായി വർക്ക് ചെയ്യാനുള്ള അവസരത്തെ മിസ് ആക്കിയത് ഞാൻ ആണ്. ഇപ്പോള്‍ അതിലെനിക്ക് വിഷമമുണ്ട്. എനിക്ക് അദ്ദേഹത്തെ ഒരുപാടിഷ്ടമാണ്, അദ്ദേഹത്തിന്റെ ഓണ്‍ സ്ക്രീൻ പ്രെസൻസും അഭിനയവുമെല്ലാം. ഒരു സംവിധായകന് പിന്നാലെ പോകാതെ ഒരു നല്ല കഥക്ക് പിന്നാലെ പോകാൻ സൂര്യ കാണിച്ച തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു.”- രാജമൗലി പറഞ്ഞു.
രാജമൗലിയുടെ വാക്കുകള്‍ക്ക് സൂര്യയും മറുപടി പറഞ്ഞിരുന്നു. “ഒരു കുടുംബത്തിലെ മൂത്തയാള്‍ നന്നായി പ്രവർത്തിക്കുമ്ബോള്‍ അതിന് താഴെയുള്ള ആളുകളും നന്നായി വരും, കാരണം അദ്ദേഹമാണ് നമുക്ക് വഴി കാണിച്ചു തരുന്നത്. ഈ യാത്ര പണ്ടേ തുടങ്ങിയതാണ് സാർ. എനിക്ക് ആ ട്രെയിൻ നഷ്ടമായെന്ന് ഒരു നാണവുമില്ലാതെ ഞാൻ പറയും. ഞാനിപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തന്നെ കാത്തു നില്‍ക്കുകയാണ്, എപ്പോഴെങ്കിലും എനിക്കത് കിട്ടുമെന്ന പ്രതീക്ഷയോടെ.”- സൂര്യ പറഞ്ഞു