സംസ്ഥാന സ്‌കൂള്‍ അത്ലറ്റ്ക്സിന്റെ രണ്ടാം ദിനവും പാലക്കാടിനെ പിന്തള്ളി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു.
എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 63 പോയിന്റുമായാണ് മലപ്പുറം നിലവിലെ ചാമ്ബ്യന്മാരായ പാലക്കാടിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് ഏഴ് സ്വര്‍ണവൂം മൂന്ന് വെള്ളിയും എട്ട് വെങ്കലവുമടക്കം 52 പോയിന്റാണുള്ളത്. ആതിഥേയരായ എറണാകുളമാണ് മൂന്നാമത്. നാല് സ്വര്‍ണവും ആറ് വെള്ളിയുമടക്കം 38 പോയിന്റ്. കോഴിക്കോടും തിരുവനന്തപുരവും മൂന്ന് സ്വര്‍ണം വീതം നേടി നാലും അഞ്ചും സ്ഥാനത്താണ്.
സ്‌കൂളുകളില്‍ നിലവിലെ ചാമ്ബ്യന്മാരായ മലപ്പുറം ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇഎച്ച്‌എസ്‌എസിനെ പിന്തള്ളി ആതിഥേയ ജില്ലയിലെ മാര്‍ബേസില്‍ കോതമംഗലമാണ് ഒന്നാമത്. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയുമടക്കം 33 പോയിന്റാണ് മാര്‍ബേസലിനുള്ളത്. ഐഡിയല്‍ സ്‌കൂളിന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 21 പോയിന്റ്. ഇടുക്കി കാല്‍വരിമൗണ്ട് സിഎസ്‌എച്ച് സ്‌കൂള്‍ 1 സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 14 പോയിന്റുമായി മൂന്നാമത്. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്‌എസ്‌എസ്, പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍, മലപ്പുറം ആലത്തിയൂര്‍ കെഎച്ച്‌എംഎച്ച്‌എസ്, പാലക്കാട് കല്ലടി സ്‌കൂള്‍ എന്നിവര്‍ രണ്ട്സ്വര്‍ണം വീതം നേടി തൊട്ടുപിന്നിലുണ്ട്.
അത്ലറ്റിക്സിന്റെ രണ്ടാം ദിനമായ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രമാണ് പിറവിയെടുത്തത്. റിക്കാര്‍ഡുകള്‍ക്ക് ക്ഷാമം നേരിടുന്ന മീറ്റില്‍ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് റിക്കാര്‍ഡ് പിറന്നത്.