കാര്‍ ലൈസൻസില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി; നിയമം തിരുത്തി തടയിടാൻ കേന്ദ്ര സര്‍ക്കാര്‍

കാർ ലൈസൻസില്‍ മിനി ടിപ്പർവരെ ഓടിക്കാൻ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാൻ കേന്ദ്രസർക്കാർ.

ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍.എം.വി.) നിർവചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്. കരട് വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഒക്ടോബർ 15-ന് കഴിഞ്ഞു.

ഭേദഗതി ഇങ്ങനെ

എല്‍.എം.വി. ലൈസൻസില്‍ 7500 കിലോയ്ക്കുതാഴെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതുമറികടക്കാൻ എല്‍.എം.വി.യെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നതാണ് കേന്ദ്രഭേദഗതി. 3500 കിലോയ്ക്കുതാഴെ ഭാരമുള്ളവയാണ് ആദ്യവിഭാഗം. കാറുകളെല്ലാം ഇതില്‍വരും. 3500-നും 7500 കിലോയ്ക്കുമിടയില്‍ ഭാരമുള്ളവ എല്‍.എം.വി. രണ്ടാംവിഭാഗം.

7500-നും 12,000 കിലോയ്ക്കുമിടയില്‍ ഭാരമുള്ള വാഹനങ്ങള്‍ മിനി പാസഞ്ചർ, മിനി ഗുഡ്സ് വിഭാഗത്തില്‍വരും. ഡ്രൈവർക്കുപുറമേ ആറുപേരെ കയറ്റാവുന്ന 12,000 കിലോയ്ക്കുമുകളില്‍ ഭാരമുള്ളവ ഹെവി വാഹനങ്ങളായി പരിഗണിക്കും. മീഡിയം ഗുഡ്സ്, പാസഞ്ചർ വിഭാഗങ്ങള്‍ക്കായി പ്രത്യേക ഡ്രൈവിങ് ലൈസൻസുണ്ടാകും.

3500-7500 കിലോയ്ക്കിടയില്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ വ്യാപകമായതോടെയാണ് കേന്ദ്രം നിയമഭേദഗതിക്ക് ഒരുങ്ങിയത്. കാർ ലൈസൻസില്‍ ഇവ ഓടിക്കുന്നത് അപകടകരമാണെന്നാണ് നിഗമനം. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് താഴെയുള്ള വാഹനങ്ങള്‍ ഓടിക്കാനാകും. എല്‍.എം.വി. 2 ലൈസൻസുള്ളവർക്ക് എല്‍.എം.വി. ഒന്നിലെ വാഹനങ്ങളും ഓടിക്കാം.

കഴിഞ്ഞദിവസത്തെ സുപ്രീംകോടതി വിധി കേരളത്തില്‍ കാര്യമായ മാറ്റമുണ്ടാക്കില്ല. 7500 കിലോയില്‍ താഴെ ഭാരമുള്ള വാഹനങ്ങള്‍ എല്‍.എം.വി. ലൈസൻസില്‍ ഓടിക്കാമെന്ന ആദ്യവിധി കേരളത്തില്‍ നടപ്പാക്കിയിരുന്നു. കേന്ദ്രഭേദഗതി ഉടനുണ്ടാകുമെന്നതിനാല്‍ കർണാടകം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതി വിധി ഉടനെ നടപ്പാക്കാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *